സർക്കാർ ജോലി ഉപേക്ഷിച്ചു. കൂട്ടിവച്ച സമ്ബാദ്യമെല്ലാം ഉപയോഗിച്ചു. ഒടുവില്‍ തികയാതെ വന്നതോടെ സ്വന്തമായുണ്ടായിരുന്ന വെള്ളിക്കൊലുസ് വരെ വില്‍ക്കേണ്ടിവന്നു.പുനലൂർ തൊളിക്കോട് ദേവി പ്രസാദത്തില്‍ ആരതികുട്ടി തന്റെ പാഷനായ കേക്ക് നിർമ്മാണം ആരംഭിക്കാൻ പെട്ടപാട് ചില്ലറയല്ല. ഇന്ന് 20 ലക്ഷത്തോളം മാസവരുമാനമുണ്ടാക്കുന്ന വമ്ബൻ സംരംഭകയാണ് ഈ 31കാരി.വിവാഹശേഷം 2020ല്‍ തന്റെ 26-ാം വയസിലാണ് ആരതി ഹോം ബിസിനസായി ‘അർസു കേക്ക് സ്റ്റുഡിയോ” ആരംഭിച്ചത്. ഇതിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള അഡ്വൈസ് മെമ്മോയും ആരതിയെ തേടിയെത്തി. എന്നാല്‍ ബിസിനസുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. വീട്ടുകാർ എതിർത്തെങ്കിലും ഭർത്താവ് സുബിന്റെയും സുബിന്റെ സഹോദരൻ ബിബിന്റെയും പിന്തുണയുണ്ടായിരുന്നു. തുടർന്ന് അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ ചെറിയ കട വാടകയ്ക്കെടുത്ത് ആദ്യ ഷോപ്പ് ആരംഭിച്ചു.എന്നാല്‍ കൊവിഡ് കാലത്ത് കട പൂട്ടി. തുടർന്ന് പ്രസവശേഷം കൈക്കുഞ്ഞുമായി കേക്ക് നിർമ്മാണം. വീട്ടില്‍ എതിർപ്പ് ശക്തമായതോടെ ആരതിയും സുബിനും രണ്ടുമാസം പ്രായമായ മകള്‍ ക്ഷേത്രയുമായി അഞ്ചല്‍ അലയമണ്ണിലേക്ക് താമസം മാറി. മകളെ നോക്കുന്നതിനിടയിലും 15 ഓളം തീം കേക്കുകള്‍ വരെ ചെയ്ത ദിവസങ്ങള്‍ ഉണ്ടായിരുന്നു. 2021ല്‍ അഗസ്ത്യക്കോട് സ്വന്തമായി ആദ്യസ്ഥാപനം തുടങ്ങി. തുടർന്ന് 2023ല്‍ പുനലൂരും 2024ല്‍ കരവാളൂരും 2025 ആഗസ്റ്റില്‍ അഞ്ചല്‍ കോളേജ് ജംഗ്ഷനിലും ഷോപ്പുകള്‍ തുടങ്ങി. 30ലധികം പേർക്ക് തൊഴിലും നല്‍കുന്നുണ്ട്. എതിർപ്പുകള്‍ തരണം ചെയ്താണ് ബിസിനസിലേക്ക് എത്തിയത്. സർക്കാർ ജോലിവേണ്ടെന്ന തീരുമാനത്തില്‍ കുറ്റബോധമില്ലെന്നും ആരതി പറഞ്ഞു.
 
