ബെംഗളൂരു: കർണാടക പാലുത്പാദക സഹകരണ സംഘം പുറത്തിറക്കുന്ന (കെഎംഎഫ്) നന്ദിനി ബ്രാൻഡിന്റെ പേരില്‍ വ്യാജ നെയ്യ് വിപണിയില്‍ എത്തുന്നത് തടയാൻ ക്യൂആർ കോഡ് ഏർപ്പെടുത്താന്‍ തീരുമാനം.നെയ്യ് തയ്യാറാക്കിയ തീയതി, പ്ലാന്റ്, വിതരണം ചെയ്ത ഡിപ്പോ അടക്കുമുള്ള നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ക്യൂആർ കോഡില്‍ ഉള്‍പ്പെടുത്തും. വ്യാജന്മാരെ ഇതിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം വ്യാജ നെയ്യുമായി ഭാര്യയും ഭർത്താവും അടക്കമുള്ള വന്‍ റാക്കറ്റിനെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തമിഴ്‌നാട്ടില്‍ തയ്യാറാക്കിയ നെയ്യ് നന്ദിനിയുടെ അതേരീതിയിലുള്ള കവറുകളിലും കുപ്പികളിലുമാക്കി ഇവർ വില്‍പ്പന നടത്തുകയായിരുന്നു. ഇവരില്‍നിന്ന് 8000 ലിറ്ററില്‍ അധികം നെയ്യ് പിടിച്ചെടുത്തിരുന്നു.