കോട്ടയം : പുതുപ്പള്ളിയിൽ തുടക്കത്തിൽ തന്നെ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ആദ്യ മണിക്കൂറിൽ മൂവായിരത്തിലേറെ വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ ലീഡുയർത്തി. അയർക്കുന്നത്ത് എന്താകും സ്ഥിതിയെന്ന അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് പിടിച്ചു. രണ്ടാം റൌണ്ടിൽ തന്നെ സമ്പൂർണ്ണാധിപത്യത്തിലേക്ക് ചാണ്ടിയെത്തുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറിൽ തന്നെയുണ്ടായത്.
8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. ആദ്യംപോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ 4 വോട്ടിന് ചാണ്ടി ലീഡ് പിടിച്ചു. പത്ത് വോട്ടുകളിൽ ഏഴെണ്ണം ചാണ്ടിക്കും 3 വോട്ടുകൾ ജെയ്ക്ക് സി തോമസിനും ലഭിച്ചു. അസന്നിഹിത വോട്ടുകളിലും ചാണ്ടി കൃത്യമായ ലീഡുയർത്തി. ഒരു ഘട്ടത്തിൽ പോലും ജെയ്ക്കിന് മുന്നിലേക്ക് എത്താനായില്ല. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസും എൽഡിഎഫും മുന്നേറിയ അയർക്കുന്നത്ത് ഇത്തവണ ചാണ്ടി വലിയ തരംഗമുണ്ടാക്കി.
ആദ്യമണിക്കൂറിൽ തന്നെ കൃത്യമായ ലീഡുയർന്നതോടെ യുഡിഎഫ് പ്രവർത്തകർ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം വിളികളും ആഹ്ലാദ പ്രകടനവും വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.