ബംഗളൂരു: ദേശീയ പൾസ് പോളിയോ പരിപാടി നാളെ (മാർച്ച് 3) നടത്തപെടുമെന്ന് ബ്രഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. കൂടാതെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുള്ള എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകണമെന്നും അഭ്യർത്ഥിച്ചു.പൗരസമിതിയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള 11.12 ലക്ഷം കുട്ടികളാണ് നഗരത്തിലുള്ളത്
145 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 228 നമ്മ ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ പരിപാടി നടത്തും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ, സ്വകാര്യ നഴ്‌സിംഗ് ഹോമുകൾ, മെഡിക്കൽ കോളേജുകൾ, പാർക്കുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡ്രൈവ് നടത്തുന്നതിന് മൊബൈൽ ടീമുകളെ വിന്യസിക്കും.
545 സ്റ്റേഷനറി ടീമുകളും 380 മൊബൈൽ ടീമുകളും ഉൾപ്പെടെ 3,403 ബൂത്തുകൾ ഗ്രൗണ്ടിൽ പ്രവർത്തിക്കും. സുഗമമായ വാക്സിനേഷൻ പ്രക്രിയ ഉറപ്പാക്കാൻ ബിബിഎംപി 15,354 വാക്സിനേറ്റർമാരെയും 758 സൂപ്പർവൈസർമാരെയും വിന്യസിച്ചിട്ടുണ്ട്.
2014ലാണ് ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചത്. എന്നിരുന്നാലും അയൽ രാജ്യങ്ങളിൽ നിന്ന് ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു