Home Featured തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി

തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി

by admin

തൃശൂർ: അരമണി ഇളക്കി മേള അകമ്പടിയിൽ ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്.

ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂർ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. തുടർന്ന് സീതാറാം മിൽ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടർന്ന് കാനാട്ടുകരയും അയ്യന്തോളും എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടിൽ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും. ആസ്വാദകർക്ക് സൗകര്യമായി പുലിക്കളി  ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും ഉണ്ടായിരിക്കും.

സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്‍റെ ഭാഗമാണ് നാലോണ നാളിലെ പുലിക്കളി മഹോത്സവം. ഇക്കുറിയും ദേശങ്ങളിൽ പെൺപുലി സാന്നിധ്യവുമുണ്ട്.

തക്കാളി വില കുത്തനെ താഴേക്ക്

ബംഗളൂരു: കിലോക്ക് 150 രൂപക്ക് മുകളിലേക്ക് കുതിച്ച തക്കാളി വില ദക്ഷിണേന്ത്യന്‍ വിപണികളില്‍ കുത്തനെ താഴേക്ക് വരുന്നു.

പൊതുവിപണിയില്‍ കിലോക്ക് 14 രൂപയുള്ള തക്കാളി വരും ദിവസങ്ങളില്‍ മൊത്തവില കിലോക്ക് 5-10 രൂപയായി താഴുമെന്ന സൂചനയാണ് മൈസൂരുവിലെയും കോലാറിലെയും കര്‍ഷകര്‍ നല്‍കുന്നത്. വാര്‍ത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹൈദരാബാദ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൊത്ത വ്യാപാര വിപണിയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. കിലോ എട്ടു രൂപ മുതല്‍ 14 രൂപ വരെയാണ് തക്കാളി വില. ദക്ഷിണേന്ത്യയിലെ തക്കാളിയുടെ ഏറ്റവും വലിയ വിപണിയായ കോലാര്‍ എ.പി.എം.സിയിലെ വ്യാപാരികളും മൊത്തവില കുറഞ്ഞതായി വിവരം നല്‍കി.

നേപ്പാളില്‍ നിന്നുള്ള തക്കാളിയുടെ ക്രമാതീതമായ ഇറക്കുമതിയും വിലക്കയറ്റത്തില്‍ ആകൃഷ്ടരായി നിരവധി കര്‍ഷകര്‍ തക്കാളി കൃഷി ചെയ്യാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായിട്ടുണ്ട്.

രണ്ടാഴ്ചക്കിടെ കോലാര്‍ വിപണിയിലേക്ക് തക്കാളിയുടെ വരവ് പതിന്മടങ്ങ് വര്‍ധിച്ചതായും തക്കാളി വ്യാപാരിയായ ശ്രീനാഥ് പറഞ്ഞു. ചല്ലക്കെര, മാണ്ഡ്യ, തുമകുരു എന്നിവിടങ്ങളിലെ കര്‍ഷകരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ കോലാര്‍ മാര്‍ക്കറ്റിലാണ് ഇറക്കുന്നത്.

മൊത്ത വിപണിയിലെ വിലയിടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നഷ്ടം നികത്താനായി സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അടുത്ത മാസം പകുതിവരെ തക്കാളി വിലയിടിവ് തുടരുമെന്നും ഒക്ടോബര്‍ -നവംബര്‍ മാസത്തില്‍ ദീപാവലിയോടനുബന്ധിച്ച്‌ വില ഉയരുമെന്ന് പ്രത്യാശിക്കുന്നതായും വ്യാപാരികള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group