കർണാടകയിലെ ശിവമൊഗ്ഗ നഗരത്തെ കണ്ണീരിലാഴ്ത്തി ഒരു ദുരന്ത സംഭവം. നഞ്ചപ്പ ലേഔട്ടിലെ ഇംപീരിയല്‍ കോളജില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പതിനേഴുകാരി വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി (പിയു) വിദ്യാർത്ഥിനിയായ മുബാഷിർ ഭാനുവിന്റെ അപ്രതീക്ഷിത വിയോഗമാണ് കോളജിനെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയത്.ഒരു സാധാരണ ദിവസത്തിന്റെ ആരംഭം പോലെയായിരുന്നു അന്നും. ക്ലാസ്സുകള്‍ കഴിഞ്ഞ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് പോവുകയായിരുന്നു മുബാഷിർ.
എന്നാല്‍, അപ്രതീക്ഷിതമായി അവള്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്തസമ്മർദം കുറഞ്ഞതാണ് പെണ്‍കുട്ടിയുടെ പെട്ടന്നുള്ള മരണത്തിന് കാരണമെന്ന് പറയുന്നു. ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോളജിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ഈ ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തിന്റെ നടുക്കം ഇരട്ടിയായി. കുഴഞ്ഞുവീഴുന്നതിന്റെയും സഹായത്തിനായി ആളുകള്‍ ഓടിയെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ആരുടെയും കരളലിയിക്കുന്നതാണ്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.