Home Featured ബെംഗളൂരു കബണ്‍ പാര്‍ക്കില്‍ ആർട്ട് കോംപ്ലക്സ് സ്ഥാപിക്കുന്നതിനതിരേ പ്രതിഷേധം ശക്തമാകുന്നു

ബെംഗളൂരു കബണ്‍ പാര്‍ക്കില്‍ ആർട്ട് കോംപ്ലക്സ് സ്ഥാപിക്കുന്നതിനതിരേ പ്രതിഷേധം ശക്തമാകുന്നു

by admin

ബെംഗളൂരു നഗരത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന കബണ്‍ പാർക്കില്‍ ആർട്ട് കോംപ്ലക്സ് സ്ഥാപിക്കുന്നതിനതിരേ പ്രതിഷേധം ശക്തമാകുന്നു.നാലേക്കറില്‍ സ്വകാര്യ ഉടമസ്ഥതയില്‍ ഒരുക്കാൻപോകുന്ന ആർട്ട് കോപ്ലക്സിനെതിരേ പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയക്കാരും പ്രദേശവാസികളും ഒരേപോലെ പ്രതിഷേധവുമായി രംഗത്തെത്തി.പുതിയതായി നിർമിക്കാനൊരുങ്ങുന്ന ആർട്ട് കോംപ്ലക്സിന് എതിരേ ലോക്സഭാ എം.പി പി.സി മോഹൻ ഫെബ്രുവരി 28-ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തുനല്‍കിയിരുന്നു. 1975-ലെ കർണാടക ഗവണ്‍മെന്റ് പാർക്സ് ആക്‌ട് പ്രകാരം പാർക്കുകളില്‍ സ്വകാര്യവത്കരണത്തിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തുനല്‍കിയത്.

1990-കള്‍ മുതലാണ് കബണ്‍ പാർക്കില്‍ കൈയ്യേറ്റങ്ങളും മറ്റും ആരംഭിച്ചത്. അന്നുമുതല്‍ തന്നെ ഇത്തരം കൈയ്യേറ്റങ്ങള്‍ക്കെതിരേ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ഒരിക്കല്‍ 300 ഏക്കറില്‍ വ്യാപിച്ചുകിടന്ന പാർക്കിന് നിലവില്‍ 190 ഏക്കർ വിസ്തീർണം മാത്രമാണുള്ളത്. സ്വകാര്യ ഉടമസ്ഥതയിലുള്ള നിർമിതികള്‍ വരുന്നതോടുകൂടി പാരിസ്ഥിതികമായ മാറ്റങ്ങളും പാർക്കില്‍ സംഭവിക്കുമെന്നാണ് സംരക്ഷണപ്രവർത്തകർ പറയുന്നത്. ബെംഗളൂരു നഗരത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന പാർക്കിന് പാരിസ്ഥിതികമായി വളരയെധികം പ്രാധാന്യവും കല്‍പ്പിക്കപ്പെടുന്നു. കബണ്‍ പാർക്കിനുണ്ടാകുന്ന മാറ്റങ്ങള്‍ ബെംഗളൂരുവിനെയും ബാധിക്കുമെന്നാണ് നഗരവാസികളുടെ ആശങ്ക.

1973 മുതല്‍ ബെംഗളൂരു നഗരത്തിലെ മരങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കൈയ്യേറ്റങ്ങള്‍ക്കും കെട്ടിട നിർമാണങ്ങള്‍ക്കുമായി വലിയ തോതില്‍ മരങ്ങള്‍ മുറിച്ച്‌ നീക്കിയതിനാലാണിത്. 88 ശതമാനം ഇടിവാണ് ഈ മരങ്ങളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ഒരുദശാബ്ദത്തിനിടെ മലിനീകരണം 47 ശതമാനമായി ഉയർന്നു. മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിന് കൂടി ബെംഗളൂരുവിന് സാക്ഷ്യം വഹിക്കാൻ സാധിക്കില്ലെന്നും അതിനാല്‍ ആർട്ട് കോംപ്ലക്സ് അനുവദിക്കരുതെന്നുമാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.ബ്രിട്ടീഷ് എൻജിനിയറായ റിച്ചാർഡ് സാങ്കി 1870-ലാണ് പാർക്ക് സ്ഥാപിക്കുന്നത്. ശ്രീ ചാമാരാജേന്ദ്ര വാഡിയാർ പാർക്ക് എന്ന് 1927-ല്‍ ഔദ്യോഗികമായി ഇതിനെ നാമകരണം ചെയ്തെങ്കിലും കബണ്‍ പാർക്കെന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group