നിര്‍മാണജോലികള്‍ക്കുള്ള സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് നാലുശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്.പ്രതിഷേധം ശക്തമായതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. സംവരണം നല്‍കണമെന്ന് ആവശ്യങ്ങളുയരുന്നുണ്ടെന്നും എന്നാല്‍ ഇതുസംബന്ധിച്ച നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യങ്ങള്‍ ഉയരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങളൊന്നും സംസ്ഥാന സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ല,” എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച ബില്‍ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്താണ് വിവാദമായ നിര്‍ദേശം:ഒരു കോടി രൂപ വരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊതുകരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന സംവരണത്തിന്റെ മാതൃകയിലാണ് ഇവ നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും വൃത്തങ്ങള്‍ ആരോപിച്ചു. സര്‍ക്കാര്‍ കരാറുകളില്‍ എസ്‌സി, എസ്ടി ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം 24 ശതമാനം സംവരണം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീം സംവരണം:പുതിയ നിര്‍ദേശ പ്രകാരം 2ബി വിഭാഗത്തിലുള്ള മുസ്ലീം സമുദായത്തിന് കരാറുകളില്‍ 4 ശതമാനം സംവരണം നല്‍കും. മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം നല്‍കുമെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിര്‍ദേശം നടപ്പിലാകുന്നതോടെ കര്‍ണാടകയില്‍ സര്‍ക്കാര്‍ കരാറുകളിലെ ആകെ സംവരണം 47 ശതമാനമാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എതിര്‍പ്പുമായി ബിജെപി:വിഷയത്തില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി ബിജെപി രംഗത്തെത്തി. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന തത്വങ്ങള്‍ക്കെതിരാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.”നിര്‍മാണ ജോലികള്‍ക്കായുള്ള സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള നിര്‍ദേശം കര്‍ണാടക ഭരിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ വിലയിരുത്തിവരുന്നു. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കിയാല്‍ എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്ക്കുമോ? തെലങ്കാനയിലും മുസ്ലീങ്ങള്‍ക്ക് നാലുശതമാനം സംവരണം നല്‍കിയിട്ടുണ്ട്. മുസ്ലീം വോട്ടുമാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണാഘടനാ ലംഘനമാണ്,” അമിത് മാളവ്യ പറഞ്ഞു.