Home Uncategorized വേറെ നടിമാരെയൊന്നും കിട്ടിയില്ലേ?’; തമന്നയെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറാക്കിയ കർണാടക സർക്കാർ നടപടിയിൽ പ്രതിഷേധം

വേറെ നടിമാരെയൊന്നും കിട്ടിയില്ലേ?’; തമന്നയെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറാക്കിയ കർണാടക സർക്കാർ നടപടിയിൽ പ്രതിഷേധം

by admin

ബെം​ഗളൂരു: മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിൽ ഓൺലൈനിൽ രൂക്ഷവിമർശനവും പ്രതിഷേധവും. കന്നഡ നടിമാരുള്ളപ്പോൾ കർണാടകക്കാരിയല്ലാത്ത ഒരാളെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഈ തീരുമാനത്തെ വാണിജ്യ, വ്യവസായ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി എം.ബി. പാട്ടീൽ ന്യായീകരിച്ചു.

രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്നയുമായി സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. 1916 മുതൽ മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കപ്പെടുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വൊഡയാർ നാലാമനാണ് ബെംഗളൂരുവിൽ സോപ്പ് ഫാക്ടറി സ്ഥാപിച്ചത്. അതിനാൽ, ഈ ബ്രാൻഡിന് കർണാടകയിൽ സാംസ്കാരികമായ പ്രാധാന്യവുമുണ്ട്. നിലവിൽ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്ഡിഎൽ) ആണ് മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്നത്.

സർക്കാർ നീക്കവുമായി ബന്ധപ്പെട്ട് സൈബർ ലോകത്ത് വലിയ ചർച്ചയാണ് നടക്കുന്നത്. ചിലർ സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ, മറ്റു ചിലർ സർക്കാരിനെ ന്യായീകരിക്കുകയും ചെയ്തു. കന്നഡ അനുകൂല പ്രവർത്തകരും തമന്ന ഭാട്ടിയയെ മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിനെ എതിർക്കുന്നുണ്ട്.

കർണാടകയിൽ മൈസൂർ സാൻഡൽ സോപ്പിന് ഇതിനകം വലിയ സ്വീകാര്യതയാണുള്ളതെന്ന് മന്ത്രി എം.ബി. പാട്ടീൽ വിശദീകരിച്ചു. മൈസൂർ സാൻഡലിന്റെ ലക്ഷ്യം കർണാടകയ്ക്ക് പുറത്തുള്ള വിപണികളിലേക്ക് ശക്തമായി കടന്നുചെല്ലുക എന്നതും കൂടിയാണ്. വിപണന വിദഗ്ദ്ധരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഒരു ബ്രാൻഡ് അംബാസഡറെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ പട്ടികയും അദ്ദേഹം ഷെയർ ചെയ്തു.

2028-ഓടെ വാർഷിക വരുമാനം 5,000 കോടി രൂപയായി ഉയർത്തുകയാണ് കെഎസ്ഡിഎല്ലിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി. പാട്ടീൽ പ്രസ്താവിച്ചു. എന്നാൽ വിവാദത്തോട് തമന്ന ഇതുവരെ പ്രതികരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group