ബെംഗളൂരു: നടിയോട് ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും നടത്തിയെന്ന ഗുരുതരമായ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രശസ്ത സിനിമാ നിർമാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.എ.വി.ആർ എന്റർടെയ്ൻമെന്റ് എന്ന നിർമ്മാണ കമ്ബനിയുടെ ഉടമയായ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതോടെ കേസില്‍ അന്വേഷണം ശക്തമാക്കിയിരുന്നു.ശ്രീലങ്കയില്‍ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയപ്പോള്‍ എയർപോർട്ടിനടുത്താണ് പൊലീസ് അറസ്റ്റ് നടത്തിയത്. നടിയുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോർഫ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും നടിയുടെ പരാതിയില്‍ പറയുന്നു. നിർമാതാവിന്റെ സമ്മർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും നടി പറയുന്നു. ആത്മഹത്യാ ശ്രമത്തില്‍ പരാജയപ്പെട്ട നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പോലും അരവിന്ദ് റെഡ്ഡി ഭീഷണിപ്പെടുത്തലുമായി എത്തിയതായി യുവതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു.അതേസമയം, ഈ മുഴുവൻ ആരോപണങ്ങളും നിർമാതാവ് നിഷേധിച്ചിരിക്കുകയാണ്. നടിക്ക് സാമ്ബത്തികമായി സഹായിച്ചതും താമസിക്കാൻ വീട്ടു നല്കി പിന്തുണച്ചതുമാണ് താൻ ചെയ്തതെന്നും, പിന്നീട് നടി മറ്റൊരാളുമായി ബന്ധം പുലർത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി.പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും, ഡിജിറ്റല്‍ ഡാറ്റയും ഫോണ്‍ റെക്കോർഡുകളും പരിശോധിക്കുകയും ചെയ്യുന്നു. നടിയുടെ മൊഴി ഉള്‍പ്പെടെ നിരവധി സാക്ഷികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം അരവിന്ദ് റെഡ്ഡിയെ കോടതി മുന്നില്‍ ഹാജരാക്കും.