ബെംഗളൂരു : മംഗളൂരു സൂറത്കല്‍ സ്വദേശി ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ 11 പേര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. അതേസമയം, കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള 21 പേരെയും ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ ആരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് സൂചന.
സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പ്രാഥമിക അന്വേഷണം ഉടന്‍ ആരംഭിച്ചേക്കും. കേസ് ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.
രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരു നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. അവശ്യ സര്‍വീസുകള്‍ ഒഴികെ രാത്രികാല യാത്രയ്ക്ക് നിയന്ത്രണമുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ അടച്ചിടണം. ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ ടിക്കറ്റ് കയ്യില്‍ കരുതണം. കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കേരള പൊലീസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.