Home Featured പാകിസ്താൻ അനുകൂല മുദ്രാവാക്യ വിവാദം; ഫോറൻസിക് പരിശോധനക്ക് കര്‍ണാടക സര്‍ക്കാര്‍

പാകിസ്താൻ അനുകൂല മുദ്രാവാക്യ വിവാദം; ഫോറൻസിക് പരിശോധനക്ക് കര്‍ണാടക സര്‍ക്കാര്‍

by admin

ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയവുമായി ബന്ധപ്പെട്ട് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളി ഉയർന്നതായ ബി.ജെ.പി ആരോപണത്തില്‍ അന്വേഷണം നടത്താൻ കർണാടക സർക്കാർ. സ്വകാര്യ ഫോറൻസിക് ലബോറട്ടറിയിലെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളി ഉയർന്നതായി ബി.ജെ.പി വാദമുയർത്തിയത്.

ഇത് ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി പ്രചാരണായുധമാക്കിയതിന് പിന്നാലെയാണ് സർക്കാർ നടപടി. വിഡിയോ ദൃശ്യം സർക്കാറിന്‍റെ ഫോറൻസിക് ലാബില്‍ പരിശോധിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ഫെബ്രുവരി 27ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാർഥി നസീർ ഹുസൈന്‍റെ അനുയായികള്‍ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ബി.ജെ.പി ആരോപണം.

എന്നാല്‍, താൻ ‘നസീർ ഹുസൈന് അനുകൂലമായാണ് മുദ്രാവാക്യം വിളിച്ചതെ’ന്ന് അനുയായി പ്രതികരിച്ചിരുന്നു. എന്നാല്‍, ‘ക്ലൂ ഫോർ എവിഡൻസ് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്വകാര്യ ഫോറൻസിക് ലാബില്‍നിന്നുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി ആരോപണം. ഈ റിപ്പോർട്ടില്‍ ഓഡിയോ ഫോറൻസിക് പരിശോധകനായി ഒപ്പുവെച്ചിരുന്നത് സംവാദ ഫൗണ്ടേഷനിലെ ബി.എൻ. ഫനീന്ദർ എന്നയാളാണ്.

‘വിഡിയോ ദൃശ്യം ഒറ്റത്തവണയായി എടുത്തതാണ്. അതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതില്‍ ‘നസീർ സാബ് സിന്ദാബാദ്’ എന്നാണോ ‘പാകിസ്താൻ സിന്ദാബാദ്’ എന്നാണോ വിളിച്ചതെന്ന ചോദ്യത്തില്‍, ‘പാകിസ്താൻ സിന്ദാബാദ്’ എന്നാവാനുള്ള ഉയർന്ന സാധ്യതയാണ് മേല്‍പറഞ്ഞ വിശകലനം സൂചിപ്പിക്കുന്നത്’- ഫനീന്ദർ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍, സംവാദ ഫൗണ്ടേഷൻ ആർ.എസ്.എസ് അനുകൂല സംഘടനയാണെന്ന് ചൂണ്ടിക്കാട്ടിയ ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട് ഉയർത്തി പ്രചാരണം നടത്തിയ ബി.ജെ.പിയുടെ വിശ്വാസ്യത ഇല്ലാതായെന്ന് പറഞ്ഞു.

സ്വകാര്യ ഫോറൻസിക് ലാബിലെ പരിശോധന ഫലങ്ങള്‍ ഔദ്യോഗികമായി പരിഗണിക്കില്ലെന്ന് പ്രതികരിച്ച ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, പ്രസ്തുത റിപ്പോർട്ട് സ്വകാര്യവ്യക്തി അദ്ദേഹത്തിന്‍റെ സ്വന്തം ലാബില്‍ പരിശോധന നടത്തി റിപ്പോർട്ട് തയറാക്കിയതാണോ എന്ന് അന്വേഷിക്കാൻ പൊലീസിന് നിർദേശം നല്‍കി. ആരുടെ അനുമതിയോടെയാണ് അദ്ദേഹം അത് ചെയ്തതെന്നും അത്തരം റിപ്പോർട്ട് പുറത്തുവിടാൻ അദ്ദേഹത്തിന് അനുമതിയുണ്ടോ എന്നതുമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group