ബാംഗ്ലൂർ:ബെംഗളൂരുവില്‍ സാധാരണക്കാരുടെ നടുവൊടിക്കുന്ന മെട്രോ നിരക്ക് വര്‍ധനയ്ക്കുള്ള നീക്കം വലിയ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.ഐടി ജീവനക്കാര്‍ അടക്കം പ്രതിദിനം ഒരു ലക്ഷത്തിലേറെ പേര്‍ ആശ്രയിക്കുന്ന ബെംഗളൂരു മെട്രോയുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധന പ്രതിഷേധത്തെതുടര്‍ന്ന് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. നിര്‍മാണച്ചെലവിന്റെയും മറ്റും പേരു പറഞ്ഞാണ് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കം അധികൃതര്‍ നടത്തിയത്. ഇന്ത്യയിലെ ചെലവേറിയ മെട്രോയാണ് നമ്മ മെട്രോ എന്ന വിമര്‍ശനവും ശക്തമാണ്.

ടിക്കറ്റ് നിരക്ക് വര്‍ധനയും മെട്രോ സ്റ്റേഷനില്‍ നിന്നുള്ള യാത്രയ്ക്കു വേണ്ടി വരുന്ന അധിക ചെലവും കാരണം നമ്മ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രാ ചെലവ് ലാഭിക്കാനായി ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മെട്രോ ഉപേക്ഷിച്ച് സ്വന്തം ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് വഷളാക്കുന്നു.മെട്രോ യാത്ര സമയം ലാഭിക്കുമെങ്കിലും, മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഓഫീസിലേക്കും വീട്ടിലേക്കും എത്തുന്നതിനായി ഓട്ടോകള്‍ക്കും ബൈക്ക് ടാക്‌സികള്‍ക്കുമായി നല്‍കേണ്ടി വരുന്ന തുകയാണ് സാധാരണക്കാരുടെ ബജറ്റ് തെറ്റിക്കുന്നത്. മെട്രോ ടിക്കറ്റ് നിരക്കിനൊപ്പം അധികമായി വരുന്ന ഓട്ടോ/ടാക്‌സി കൂലി കൂടി കണക്കാക്കുമ്പോള്‍, സ്വന്തം ഇരുചക്ര വാഹനത്തില്‍ പോകുന്നതാണ് ലാഭകരമെന്ന് കരുതുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമായി നഗരത്തിലെ റോഡുകളില്‍ ഇരുചക്ര വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി ട്രാഫിക് പൊലീസും റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറ്റ്ഫീല്‍ഡ്, മാരത്തഹള്ളി, ഇന്ദിരാനഗര്‍ തുടങ്ങിയ തിരക്കേറിയ ഐടി ഇടനാഴികളിലാണ് ഈ മാറ്റം പ്രകടമാകുന്നത്.
ഓഫീസ് സമയങ്ങളിലാണ് ഐടി ഇടനാഴികളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. പഠനച്ചെലവും താമസച്ചെലവും വര്‍ധിക്കുന്ന സാഹചര്യത്തില്‍, യാത്രാ ചെലവ് കുറയ്ക്കാന്‍ വിദ്യാര്‍ത്ഥികളും ഐടി പ്രൊഫഷണലുകളും ബൈക്കുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.മെട്രോ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച ബിജെപി എംപി തേജസ്വി സൂര്യ, ടിക്കറ്റ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നത് ആളുകള്‍ വീണ്ടും സ്വകാര്യ വാഹനങ്ങളിലേക്ക് മടങ്ങാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട ടണല്‍ റോഡ് പോലുള്ള വമ്പന്‍ പദ്ധതികള്‍ക്ക് പകരം, മെട്രോ നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ പുതിയ ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും പൊതുഗതാഗതം ജനസൗഹൃദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ വര്‍ഷത്തെ കണക്കനുസരിച്ച് ബെംഗളൂരു നഗരത്തില്‍ മാത്രം 80 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഇരുചക്ര വാഹനങ്ങളുണ്ട്. സ്വകാര്യ വാഹനങ്ങളെ വീണ്ടും ആശ്രയിക്കുന്നത് വരും മാസങ്ങളില്‍ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കും.