ഫീസ് അടച്ചില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ സ്കൂള്‍ അധികൃതർ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടു. ബംഗളൂരുവിലെ ഓർക്കിഡ് ഇന്‍റർനാഷണല്‍ സ്‌കൂള്‍ വിദ്യാർത്ഥികളാണ് അതിക്രമത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ അന്യായത്തിനെതിരെ വലിയ പ്രതിഷേധമാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉയരുന്നത്. അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടായ അസാധാരണ നടപടി വിദ്യാർത്ഥികളില്‍ വലിയ മാനസിക ആഘാതമുണ്ടാക്കിയെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
സ്കൂളില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പുറത്ത് പറയുകയോ പ്രതികരിക്കുകയോ ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ട വരുമെന്ന് സ്കൂള്‍ അധികൃതർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും പരാതികള്‍ ഉയരുന്നുണ്ട്. സമാനമായ രീതിയില്‍ മുമ്ബും വിദ്യാർത്ഥികള്‍ക്ക് സമാനമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതിനാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് വേണം വിലയിരുത്താൻ. ഇതിനിടെ ഫീസ് അടയ്ക്കുന്നതില്‍ കാലതാമസം വരുത്തുന്ന വിദ്യാർത്ഥികളെ ഇരുട്ടു മുറിയില്‍ പൂട്ടിയിടുന്നത് ചില സ്വകാര്യ സ്കൂളുകള്‍ പതിവാക്കി ഇരിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളും ഉയര്‍ന്നു.
നിലവില്‍ ബാംഗ്ലൂരു നഗരത്തിലെ ഒന്നിലധികം സ്കൂളുകള്‍ക്കെതിരെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനും ചൈല്‍ഡ് സേഫ്റ്റി & പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റിനും ഔപചാരികമായി പരാതി നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. ഇത്തരം സ്‌കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നതും കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും അടക്കമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. ഇത്തരം ശിക്ഷാ നടപടികള്‍ തങ്ങളുടെ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും മാനസികമായി കുട്ടികളെ തളർത്തി കളയുന്നതാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതർക്ക് കർശനമായ മുന്നറിയിപ്പാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം പ്രവർത്തികള്‍ വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തെയും അക്കാദമിക് പ്രകടനത്തെയും ഏറെ ദോഷമായി ബാധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും രക്ഷിതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ അന്വേഷണം ഉറപ്പ് വരുത്തണമെന്നും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ സ്‌കൂളുകളുടെ പെർമിറ്റ് റദ്ദാക്കുകയും കരിമ്ബട്ടികയില്‍ പെടുത്തുകയും വേണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണ്ണാടകാ മുഖ്യമന്ത്രി സിദ്ധാരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.