ബെംഗളൂരു:തിരുവോണത്തോടനുബന്ധിച്ച ദിവസങ്ങളിൽ തീവണ്ടികളിൽ ടിക്കറ്റ് അതിവേഗം തീർന്നതോടെ സ്വകാര്യ ബസുകളിൽ നിരക്കുയർത്തി. ബെംഗളൂരുവിൽനിന്ന് കേരളത്തിന്റെ തെക്കൻഭാഗത്തേക്കുള്ള ബസുകളിൽ സാധാരണ നിരക്കിനെക്കാൾ ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് മറ്റു ദിവസങ്ങളിൽ 1250-1500 രൂപയായിരുന്നു നിരക്കെങ്കിൽ ഓണത്തോട് അടുത്ത ദിവസങ്ങളിൽ 2500-3000 രൂപയാണ് ഈടാക്കുന്നത്.
ഓണത്തിന് ഇനിയും രണ്ടുമാസം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന പ്രധാന തീവണ്ടികളിൽ ടിക്കറ്റ് തീർന്നിരിക്കുകയാണ്. ഇത് മുതലാക്കാൻ സ്വകാര്യബസുകളും നേരത്തേതന്നെ നിരക്ക് വർധിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസുകളിലാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്. ഇത്തവണ ഒാണത്തിന് ഏറ്റവുംകൂടുതൽ യാത്രാത്തിരക്ക് പ്രതീക്ഷിക്കുന്നത് ഇൗ ദിവസങ്ങളിലാണ്,മുൻവർഷങ്ങളിലും ഒാണക്കാലത്ത് സ്വകാര്യബസുകൾ മൂന്നിരട്ടി വരെ നിരക്ക് വർധന വരുത്തിയിട്ടുണ്ട്.
ഇത്തവണ ഇപ്പോൾ ബുക്ക് ചെയ്താൽപോലും ഇരട്ടിനിരക്ക് വാങ്ങുന്നതിനാൽ ഒാണം അടുക്കുമ്പോൾ കഴിഞ്ഞതവണത്തെക്കാൾ നിരക്ക് വർധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രവാസിമലയാളികൾ എത്തുന്നത് ചെന്നൈയിൽനിന്നും ബെംഗളൂരുവിൽനിന്നുമാണ്. ചെന്നൈയെ അപേക്ഷിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് തീവണ്ടി സർവീസുകളുടെ എണ്ണം കുറവാണ്. അതിനാൽ ഇവിടെനിന്ന് നാട്ടിലേക്ക് പോകുന്നതിന് കൂടുതൽപ്പേരും ആശ്രയിക്കുന്നത് ബസുകളെയാണ്. ഇത് മുതലാക്കാനാണ് സ്വകാര്യബസുകൾ വൻനിരക്ക് ഈടാക്കുന്നത്.