വിഷു-ഈസ്റ്റർ അവധിക്ക് ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് സ്വകാര്യ ബസിന് വിമാനത്തെക്കാള്‍ നിരക്ക് കൂടുതല്‍.ഏപ്രില്‍ 11 മുതല്‍ 19 വരെ വിമാനത്തിന് 3000 രൂപയ്ക്കുതാഴെ നിരക്കുള്ളപ്പോള്‍ സ്വകാര്യ ബസുകളിലെ നിരക്ക് 3300 രൂപയാണ്.ഈ നിരക്കില്‍ നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയി വരാൻ 28,000 രൂപയ്ക്കടുത്ത് ടിക്കറ്റിന് മാത്രമാകും. അവധിക്ക് ഇനി ഒന്നരമാസത്തോളം ബാക്കിയുള്ളതിനാല്‍ സ്വകാര്യ ബസുകളിലെ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിന്റെയും വിമാനത്തിന്റെയും നിരക്ക് ഏകദേശം തുല്യമാണ്. 3000 രൂപയ്ക്കടുത്താണ് നിരക്ക്.
കേരളത്തിലേക്കുള്ള തീവണ്ടികളില്‍ ടിക്കറ്റ് തീർന്നു. ബെംഗളൂരുവില്‍നിന്ന് രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസില്‍മാത്രമാണ് ഏതാനും ടിക്കറ്റുകള്‍ ബാക്കിയുള്ളത്. കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ബുക്കിങ് തുടങ്ങാൻ ഇനി ഒരാഴ്ചകൂടി കാത്തിരിക്കണം. യാത്രയ്ക്ക് ഒരുമാസം മുൻപാണ് ആർ.ടി.സി. ബസുകളിലെ ബുക്കിങ് സാധ്യമാകുന്നത്.
350 രൂപ അധികവില ഈടാക്കി; ആമസോണിന് 15,000 രൂപ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷൻ
ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധികവില ഈടാക്കിയ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിന് 15,000 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ.എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ.എ. അലക്സാണ്ടർ സമർപ്പിച്ച പരാതിയിലാണ് കമീഷന്‍റെ ഉത്തരവ്.ചുവന്ന നിറത്തിലുള്ള 100 നോട്ടറി ലേബല്‍ ഓണ്‍ലൈനില്‍ പരാതിക്കാരൻ ഓർഡർ ചെയ്തു. എന്നാല്‍, ഉല്‍പന്നം വാങ്ങിയപ്പോള്‍ 450 രൂപ നല്‍കാൻ നിർബന്ധിതനായി. 100 നോട്ടറി സിംബലിന് 98 രൂപയാണ് നല്‍കേണ്ടതെന്ന് പിന്നീട് പരാതിക്കാരന് ബോധ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി കബളിപ്പിക്കുകയാണ് എതിർ കക്ഷി ചെയ്തതെന്ന് ബോധ്യമായപ്പോഴാണ് പരാതിക്കാരനായ അഭിഭാഷകൻ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
ഡിസ്കൗണ്ട് നിരക്ക് പരസ്യം ചെയ്ത് പിന്നീട് അധിക തുക ഈടാക്കി ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത് അധാർമിക വ്യാപാര രീതിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. പരാതിക്കാരനോട് അധികമായി വാങ്ങിയ 352 രൂപ തിരിച്ചുനല്‍കണം. കൂടാതെ 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന് നല്‍കണമെന്ന് കമീഷൻ ഉത്തരവ് നല്‍കി. പരാതിക്കാരനുവേണ്ടി അഡ്വ. ആർ. രാജരാജവർമ കമീഷൻ മുമ്ബാകെ ഹാജരായി.