കൊച്ചി : അന്തർ സംസ്ഥാന സ്വകാര്യ ബസുകള്‍ സമരം തുടരുന്നതിനിടെ ബെംഗളൂരുവിലേക്ക് കൂടുതല്‍ ബസ് സർവീസുകളുമായി കെഎസ്‌ആർടിസി.ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള പതിവ് സർവീസുകള്‍ക്ക് പുറമെയാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബസുകള്‍ ക്രമീകരിക്കുന്നതായി ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ആരംഭിച്ചതിനാല്‍ മധ്യകേരളത്തിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വടക്കൻ ജില്ലകളിലേക്കാണ് യാത്രക്കാർ കൂടുതലുള്ളത്. ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ഒരുവഭാഗം ബസുകള്‍ സമരം ചെയ്യുന്നത്.ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകള്‍ക്ക് തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങള്‍ അന്യായമായി നികുതി ഈടാക്കുന്നതിനെതിരെയാണ് സമരം.
കേരളത്തിലെ 150 ബസുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ട്രാക്‌ട് കാരിയേജ് സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളാണ് സർവീസ് നിർത്തിയത്.നാഗാലാൻഡിലും അരുണാചലിലും ബസ് രജിസ്‌റ്റർ ചെയ്‌ത ബസുകള്‍ക്കെതിരെയാണ് നടപടി. ഇത്തരം രജിസ്ട്രേഷനുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ രാത്രി സർവീസ് നടത്താൻ അനുവദിക്കില്ലെന്നും രജിസ്‌റ്റർ ചെയ്‌ത സംസ്ഥാനത്തുനിന്ന് സർവീസ് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ വേണമെന്നുമാണ് അധികൃതർ പറയുന്നത്. അനധികൃതമായി അധിക സീറ്റുകള്‍ ഘടിപ്പിച്ച് സർവീസ് നടത്തുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.സ്വകാര്യബസുകളുടെ സമരം തുടങ്ങിയതോടെ മലയാളിയാത്രക്കാര്‍ പ്രയാസത്തിലായിരുന്നു ഈ ഘട്ടത്തിലാണ് കെ എസ് ആർ ടി സി അധിക സർവീസ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ബസുകള്‍ മുടങ്ങിയതോടെ കെ എസ്‌ആര്‍ ടി സി ബസുകളിലും ടിക്കറ്റ് കുറവായിരുന്നു. വൈകുന്നേരമായപ്പോഴേക്കും കെഎസ്‌ആര്‍ടിസി മിക്ക ബസുകളിലും ടിക്കറ്റ് കിട്ടാതായി. ഈ സാഹചര്യത്തിലാണ് ഓപ്പറേഷൻസ് വിഭാഗം അധിക സർവീസുകള്‍ തുടങ്ങിയത്.കേരളത്തിൻ്റെ വിവിധയിടങ്ങളിലേക്ക് സർവീസ് നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200ലധികം സ്വകാര്യ ബസുകളാണ് ബെംഗളൂരുവില്‍നിന്ന് സര്‍വീസ് നടത്തുന്നത്.ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വകാര്യ ബസുകളും തിങ്കളാഴ്ച മുതല്‍ അന്തർസംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകള്‍ വെള്ളിയാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.