കഴിഞ്ഞ ദിവസമാണ് സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
കാലിലെ ലിഗമെന്റില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നോട് സ്നേഹം പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
ഇനിയുള്ള കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണെന്നും ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ജയൻ നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം മറയൂരിലായിരുന്നു നടന്നുകൊണ്ടിരുന്നത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേല്‍ക്കുകയായിരുന്നു. രണ്ടു മാസം വിശ്രമത്തിലേക്ക് പോകുന്നതോടെ ‘വിലായത്ത് ബുദ്ധ’യ്ക്ക് പുറമേ എമ്ബുരാൻ, ഗുരുവായൂരമ്ബല നടയില്‍ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഇനിയും നീളും.
ജൂലൈ രണ്ടിന് ‘എമ്ബുരാ’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു പൃഥ്വിരാജ്. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തല്‍ക്കാലം നീട്ടിവച്ചിരിക്കുകയാണ്. അതേസമയം പൃഥ്വിരാജ് മുഖ്യവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘സലാറി’നെ ഈ പരിക്ക് ബാധിക്കില്ലെന്ന് സിനിമാ ട്രാക്കറായ എ.ബി. ജോര്‍ജ് പറഞ്ഞു. ‘സലാറി’ലെ പൃഥ്വിയുടെ രംഗങ്ങള്‍ നേരത്തേതന്നെ ചിത്രീകരിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്ബ്യാര്‍. ജി.ആര്‍ ഇന്ദുഗോപന്റെ നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരില്‍ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ടാവായ ഡബിള്‍ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനവേഷങ്ങളില്‍.
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’യാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്റോഫ് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രവും പൃഥ്വിരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.