ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഫ്‌ളൈബസ് സര്‍വീസുകളില്‍ പുതിയ ബസുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്‌ആര്‍ടിസി).യാത്രക്കാര്‍ക്ക് പ്രീമിയം യാത്ര വാഗ്ദാനം ചെയ്യുന്ന രീതിയില്‍ മികച്ച സൗകര്യങ്ങളോടെ പുതിയ ബസുകള്‍ രൂപകല്‍പന ചെയ്യാനാണ് തീരുമാനം. നിലവില്‍ സര്‍വീസ് നടത്തുന്ന സ്വര്‍ണ നിറത്തിലുള്ള വോള്‍വോ ബസുകള്‍ കാലപ്പഴക്കത്താല്‍ പഴകിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഈ പുതിയ നീക്കം.വിമാനത്താവളത്തിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നല്‍കുന്ന പ്രീമിയം ബസ് സര്‍വീസാണിത്. ആഡംബര പൂര്‍ണ്ണമായ ഇന്റീരിയര്‍, ചാരിയിരിക്കാവുന്ന സുഖപ്രദമായ സീറ്റുകള്‍, ജിപിഎസ്, യാത്രയ്ക്കിടയില്‍ ഉപയോഗിക്കാവുന്ന ബയോ-ടോയ്ലറ്റുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ മൈസൂരു, മടിക്കേരി, ദാവണഗെരെ, കുന്ദാപുര എന്നിവിടങ്ങളില്‍ നിന്നായി ദിവസേന 44 ട്രിപ്പുകള്‍ ഫ്‌ളൈബസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് ‘നന്ദിനി’ ബ്രാന്‍ഡിന്റെ ലഘുഭക്ഷണ കിറ്റുകളും സൗജന്യമായി നല്‍കിവരുന്നു.നിലവില്‍, ബെംഗളൂരു വിമാനത്താവളത്തെ പ്രധാന നഗരങ്ങളുമായും പട്ടണങ്ങളുമായും ബന്ധിപ്പിക്കുന്ന 15 റൂട്ടുകളില്‍ കെഎസ്‌ആര്‍ടിസി ഫ്‌ളൈബസ് സര്‍വീസുകള്‍ നടത്തുന്നു – മൈസൂരു (ഒമ്പത് റൂട്ടുകള്‍), മടിക്കേരി (രണ്ട്), ദാവണഗെരെ (രണ്ട്), കുന്ദാപുര (രണ്ട്) എന്നിങ്ങനെയാണ് സര്‍വീസുകള്‍.
ഫ്‌ളൈബസുകള്‍ ഏകദേശം 10,240 കിലോമീറ്റര്‍ സഞ്ചരിക്കുകയും പ്രതിദിനം 1,050 യാത്രക്കാര്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു.കെഎസ്‌ആര്‍ടിസി അടുത്തിടെ അത്യാധുനികമായ ഐരാവത് ക്ലബ് ക്ലാസ് 2.0 സീറ്റര്‍ ബസുകള്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. എന്നാല്‍ ഇതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. വോള്‍വോയുടെ 9600 സീരീസിന്റെ ഭാഗമായ ഈ ബസുകള്‍ക്ക് 15 മീറ്റര്‍ നീളമുണ്ട്.വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലെ (ടി2) ഭൂഗര്‍ഭ ബസ് ബേയിലേക്ക് പ്രവേശിക്കുമ്പോള്‍ ബസിന്റെ പിന്‍ഭാഗത്തെ ഉയരം തടസമാകുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അതിനാല്‍, ഈ സ്ഥലപരിമിതിക്ക് അനുയോജ്യമായതും എന്നാല്‍ ആഡംബരത്തില്‍ വിട്ടുവീഴ്ചയില്ലാത്തതുമായ മറ്റൊരു മോഡല്‍ കണ്ടെത്താനുള്ള തിരച്ചിലിലാണ് അധികൃതര്‍.പഴയ ബസുകളിലെ ടോയ്ലറ്റുകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്ന യാത്രക്കാരുടെ പരാതി പരിഹരിക്കാനും പുതിയ ബസുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഈ വര്‍ഷം തന്നെ പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നതോടെ എയര്‍പോര്‍ട്ടിലേക്കു പോകുന്ന ബെംഗളൂരുവിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് വലിയ ആശ്വാസമാകും.