ബെംഗളൂരു: ബലാല്‍സംഗക്കേസിലെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കണമെന്ന ജെഡി(എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി.വിചാരണക്കോടതി വിധിച്ച ശിക്ഷക്കെതിരേ നല്‍കിയ അപ്പീലില്‍ തീര്‍പ്പുകല്‍പ്പിക്കും വരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. അതേസമയം, കേസ് കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് രേവണ്ണ സുപ്രിംകോടതിയില്‍ പ്രത്യേക ഹരജിയും നല്‍കിയിട്ടുണ്ട്.
നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന രേവണ്ണയുടെ ദൃശ്യങ്ങള്‍ 2024ല്‍ ലീക്കായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു സ്ത്രീ പോലിസില്‍ പരാതി നല്‍കിയത്. 2021ല്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ലീക്കായ വീഡിയോദൃശ്യങ്ങളില്‍ ഈ സ്ത്രീയുടെ ദൃശ്യങ്ങളുമുണ്ടായിരുന്നു. പീഡിപ്പിച്ച ദിവസം സ്ത്രീ ധരിച്ചിരുന്ന സാരി, പ്രജ്വല്‍ രേവണ്ണ ഒളിപ്പിച്ചും വച്ചിരുന്നു. ഈ സാരി പിന്നീട് പോലിസ് കണ്ടെത്തി. വീഡിയോ ദൃശ്യങ്ങളും സാരിയിലെ ഫോറന്‍സിക് തെളിവുമാണ് കേസില്‍ നിര്‍ണായകമായത്. 2025 ആഗസ്റ്റ് രണ്ടിനാണ് രേവണ്ണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.