Home Featured പീഡനക്കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി; പ്രജ്വല്‍ രേവണ്ണ നാട്ടിലേക്ക്

പീഡനക്കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി; പ്രജ്വല്‍ രേവണ്ണ നാട്ടിലേക്ക്

by admin

ബെംഗളൂരു: പീഡനക്കേസില്‍ പ്രതിയായ കർണാടക ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ നാട്ടിലേക്ക്. മെയ് 30ന് രാത്രി ജർമനിയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ ഇയാള്‍ ടിക്കറ്റെടുത്തു. 31ന് നാട്ടിലെത്തും. ഇതിനിടെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. നാട്ടിലെത്തുന്ന പ്രജ്വലിനെ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

വ്യാഴാഴ്ച രാത്രിയോടെ ജർമനിയില്‍ നിന്ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനത്തിലാണ് പ്രജ്വല്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. അർധരാത്രി 12.30ഓടെ വിമാനം ബെംഗളൂരു വിമാനത്താവളത്തിലെത്തും. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തി കീഴടങ്ങാമെന്നാണ് പ്രജ്വല്‍ പറയുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റും പ്രജ്വലിനെതിരെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസിന് നേരിട്ട് അറസ്റ്റ് രേഖപ്പെടുത്താനും കഴിയും. രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്നും നിയമപരമായി നേരിടുമെന്നും വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രജ്വല്‍ പങ്കുവച്ചിരുന്നു. ഇതിലാണ് നാട്ടില്‍ തിരിച്ചെത്തി കീഴടങ്ങുമെന്ന് പ്രജ്വല്‍ വ്യക്തമാക്കിയത്.

എംപി എന്ന നിലയില്‍ ലഭിച്ച നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ വിദേശകാര്യമന്ത്രാലയം നടപടി തുടങ്ങിയതിന് പിന്നാലെയാണ് പ്രജ്വലിന്റെ മടങ്ങിവരവ്. രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെ ഏപ്രില്‍ 27നു പുലര്‍ച്ചെയാണ് പ്രജ്വല്‍ രാജ്യം വിട്ടത്.

ഏപ്രില്‍ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വല്‍ തന്നെ റെക്കോർഡ് ചെയ്‌തതെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഇത് ചോർന്നതോടെ വൻ ജനരോഷത്തിന് കാരണമാവുകയും കർണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എൻഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ രാജ്യം വിട്ട ഇയാള്‍ക്കെതിരെ ഇന്റർപോള്‍ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായില്ല. പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രജ്വലിൻ്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടില്‍ മൂന്നര വർഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതല്‍ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ ജെഡിഎസ് ജില്ലാ വനിതാ നേതാവടക്കമുള്ള മറ്റു യുവതികളും പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ, യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇയാളുടെ പിതാവും ജെഡിഎസ് എംഎല്‍എയുമായ എച്ച്‌ഡി രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group