Home Featured ലൈംഗികപീഡനക്കേസ്‌: പ്രജ്വല്‍ രേവണ്ണയ്‌ക്ക് ജീവപര്യന്തം

ലൈംഗികപീഡനക്കേസ്‌: പ്രജ്വല്‍ രേവണ്ണയ്‌ക്ക് ജീവപര്യന്തം

by admin

ഫാംഹൗസില്‍ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജെ.ഡി.എസ്‌. മുന്‍ എം.പി. പ്രജ്വല്‍ രേവണ്ണയ്‌ക്കു ജീവപര്യന്തം.11 ലക്ഷം രൂപ പിഴയടയ്‌ക്കാനും ബംഗളുരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു.പീഡനത്തിന്റെ വീഡിയോകള്‍ പ്രചരിപ്പിച്ചതിന്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടുവകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവും മറ്റ്‌ അഞ്ചു വകുപ്പുകള്‍ പ്രകാരം രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ തടവും ഐടി നിയമത്തിലെ ഒരു വകുപ്പ്‌ പ്രകാരം മൂന്നു വര്‍ഷം തടവുമാണ്‌ ശിക്ഷ വിധിച്ചത്‌. എന്നാല്‍, ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയാകും.

പിഴയായ 11 ലക്ഷം രൂപ അതിജീവിതയ്‌ക്കു നഷ്‌ടപരിഹാരമായി നല്‍കാനും വിധിയിലുണ്ട്‌.മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡയുടെ ചെറുമകനായ പ്രജ്വല്‍ രേഖണ്ണ കുറ്റക്കാരനാണെന്നു പ്രത്യേക കോടതി ജഡ്‌ജി സന്തോഷ്‌ ഗജാനന്‍ ഭട്ട്‌ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. യുവതി തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെടുകയും ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വീഡിയോ കണ്ടശേഷം ആത്മഹത്യചെയ്യാന്‍ പോലും ആലോചിച്ചിരുന്നതായും സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ബി.എന്‍. ജഗദീഷ്‌ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ലൈംഗികാതിക്രമത്തിന്റെ വീഡിയോ പ്രജ്വലിന്റെ ക്രൂരമായ മാനസികാവസ്‌ഥയെ പ്രതിഫലിപ്പിക്കുന്നു.സംഭവം നടക്കുമ്ബോള്‍ അദ്ദേഹം സിറ്റിങ്‌ എം.പിയായിരുന്നു. നിയമത്തെക്കുറിച്ച്‌ അദ്ദേഹത്തിന്‌ പൂര്‍ണമായി അറിയാമായിരുന്നെങ്കിലും അത്തരം പ്രവൃത്തികള്‍ ചെയ്‌തു. സ്‌ത്രീകളെ പീഡിപ്പിച്ച്‌ വീഡിയോ ചിത്രീകരിക്കുന്ന കുറ്റവാളിയായ പ്രജ്വലിന്‌ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. പ്രജ്വലിന്റേത്‌ അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നു കോടതി നിരീക്ഷിച്ചു.

ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്നു പ്രജ്വല്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.അന്വേഷണം തുടങ്ങി 14 മാസത്തിനുശേഷമാണ്‌ വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്‌. കേസില്‍ വളരെ വേഗത്തിലാണ്‌ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. വിധി അറിഞ്ഞശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ പ്രജ്വല്‍ രേഖണ്ണ കോടതിമുറിയില്‍നിന്നു പുറത്തുപോയത്‌.പ്രജ്വലിന്റെ പിതാവ്‌ രേവണ്ണയുടെ ഫാംഹൗസില്‍ ജോലിചെയ്‌തിരുന്ന മൈസുരു കെ.ആര്‍. നഗര്‍ സ്വദേശിനിയെ 2021 മുതല്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണു കേസ്‌. ഈ വിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പ്രജ്വല്‍ ഭീഷണിപ്പെടുത്തിയിരുന്നു.

അന്വേഷണം പൂര്‍ത്തിയാക്കി 2024 ഡിസംബര്‍ 31-ന്‌ വിചാരണം ആരംഭിച്ചു. ജൂലൈ 18-ന്‌ കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത്‌ മാറ്റിവയ്‌ക്കുകയായിരുന്നു.പ്രതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും വിസ്‌തരിച്ചു. അന്വേഷണസംഘം 123 തെളിവുകള്‍ ഹാജരാക്കുകയും രണ്ടായിരം പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. ബലാത്സംഗം, ലൈംഗികപീഡനം, ഭീഷണിപ്പെടുത്തല്‍, സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തുകയും നിയമവിരുദ്ധമായി പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രജ്വലിനുമേല്‍ ചുമത്തിയത്‌. പ്രജ്വലിനെതിരായ രജിസ്‌റ്റര്‍ ചെയ്‌ത നാലു പീഡനക്കേസുകളില്‍ ആദ്യ കേസിലാണ്‌ ഇപ്പോള്‍ വിധി പ്രഖ്യാപിച്ചത്‌. മറ്റു കേസുകളിലെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്‌.

You may also like

error: Content is protected !!
Join Our WhatsApp Group