തെന്നിന്ത്യന്‍ താരങ്ങളായ പ്രഭാസിന്റെയും കൃതി സനോനിന്റെയും വിവാഹനിശ്ചയം അടുത്ത ആഴ്ച മാലിദ്വീപില്‍ നടക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ പ്രചരണത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ് പ്രഭാസിന്റെ ടീം. അവര്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണന്നും ഇരുവരും വിവാഹിതരാകുന്നില്ലെന്നും പ്രഭാസിന്റെ ടീം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ആദിപുരുഷ്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അന്നുമുതല്‍ ഗോസിപ്പുകളും ആരംഭിച്ചിരുന്നു. കൃതി സനോണിന്റെ സുഹൃത്തും നടനുമായ വരുണ്‍ ധവാന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ ഇരുവരും പ്രണയത്തിലാണെന്ന സൂചന നല്‍കിയതോടെ ഈ ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമായി. അപ്പോഴാണ് ഇന്നലെ വ്യാപകമായി ഇവരുടെയും വിവാഹനിശ്ചയമാണെന്ന വാര്‍ത്തകള്‍ വരുന്നത്.
മുന്‍പ് കൃതി തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്ന് വെളിപ്പെടുത്തിരുന്നു. അഭ്യൂഹങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് കൃതി വ്യക്തമാക്കിയിരുന്നു.
അതേസമയം ‘സലാര്‍’ ആണ് പ്രഭാസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്നു. ശ്രുതി ഹാസന്‍ ആണ് നായിക.