Home കേരളം ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പോറ്റിയുടെ നിര്‍ണായക മൊഴി; ‘പിന്നില്‍ വലിയ ആളുകള്‍, ഗൂഢാലോചന ബെംഗളൂരുവില്‍ നടന്നു, തനിക്ക് വലിയ നേട്ടമുണ്ടായിട്ടില്ല

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പോറ്റിയുടെ നിര്‍ണായക മൊഴി; ‘പിന്നില്‍ വലിയ ആളുകള്‍, ഗൂഢാലോചന ബെംഗളൂരുവില്‍ നടന്നു, തനിക്ക് വലിയ നേട്ടമുണ്ടായിട്ടില്ല

by admin

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസില്‍ ഗൂഢാലോചന നടന്നത് ബെംഗളൂരുവിലാണെന്ന് കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍കി.ബെംഗളൂരുവില്‍ നിന്ന് ലഭിച്ച നിർദ്ദേശങ്ങള്‍ അനുസരിച്ചാണ് താൻ ആദ്യം വിജിലൻസിന് മൊഴി നല്‍കിയതെന്നും, അവരുടെ പിന്നില്‍ ശക്തരായ ചിലർ ഉണ്ടെന്നും പോറ്റി വെളിപ്പെടുത്തി. സ്വർണക്കവർച്ചയില്‍ തനിക്ക് വലിയ സാമ്ബത്തിക ലാഭമൊന്നും ലഭിച്ചിട്ടില്ലെന്നും, യഥാർത്ഥ ലാഭം നേടിയവർ മറ്റു ചിലരാണെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം ആരംഭിച്ച സമയത്ത് തന്നെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച്‌ ചില നിർദ്ദേശങ്ങള്‍ നല്‍കിയതായും, ആ നിർദ്ദേശങ്ങള്‍ അനുസരിച്ചാണ് തന്റെ ആദ്യ മൊഴി നല്‍കിയതെന്നും പോറ്റി അന്വേഷണ സംഘത്തോട് അറിയിച്ചു. പോറ്റി പറഞ്ഞതനുസരിച്ച്‌ 5 അംഗ സംഘത്തെ കണ്ടെത്താനാണ് പ്രത്യേക സംഘത്തിൻ്റെ നീക്കം.ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുകയാണ്. റാന്നി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്താനാണ് പദ്ധതി. സ്വർണ്ണക്കവർച്ച ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന നിലയില്‍ എസ്‌ഐടി വിശേഷിപ്പിച്ച മുരാരി ബാബുവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം സ്വർണം കൊണ്ടുപോയ കല്‍പ്പേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി രണ്ട് അന്വേഷണ സംഘങ്ങള്‍ ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ തെളിവെടുപ്പ് തുടരുന്നു. നിലവില്‍ ദ്വാരപാലക പാളിയിലെ സ്വർണ്ണം കവർന്ന കേസിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീകോവിലിന്റെ കട്ടില്പാളികളില്‍ നിന്നുള്ള സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിലും ഉടൻ അറസ്റ്റ് അപേക്ഷ കോടതിയില്‍ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group