ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യം, രാജ്‌നാഥ് സിങ് പ്രതിരോധം, നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതം, നിര്‍മല സീതാരാമന്‍ ധനകാര്യം എന്നീ മന്ത്രാലയങ്ങളില്‍ തുടരും.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം വകുപ്പുകളും ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, വകുപ്പുകളുമാണു ലഭിച്ചത്. ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആണ് സാംസ്‌കാരികം, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്.
ഇന്നലെ നടന്ന മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആകെ 72 മന്ത്രിമാരാണ് ചുമതല ഏറ്റെടുത്തത്. അതിൽ മുപ്പത് പേർക്കാണ് ക്യാബിനറ്റ് പദവി നൽകിയിരിക്കുന്നത്. ബിജെപിക്ക് പുറമെ സഖ്യ കക്ഷികളിൽ നിന്നുള്ള നേതാക്കളും മന്ത്രിമാരായി ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്.
തുടർച്ചയായി മൂന്നാം തവണ അധികാരത്തിലേറിയാണ് നരേന്ദ്ര മോദി ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ ജവഹർ ലാൽ നെഹ്രുവിന്റെ റെക്കോർഡിന് ഒപ്പമെത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തവണ പ്രതീക്ഷിച്ച വിജയം കൊയ്യാൻ പക്ഷേ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും ഇന്ത്യ മുന്നണിയുടെ വെല്ലുവിളിയിൽ പിടിച്ചുനിൽക്കാൻ ഭരണം നിലനിർത്താനും അവർക്ക് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അതേസമയം, ഇത്തവണത്തെ മന്ത്രിസഭയിൽ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്‌കരി, ജെപി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ തുടങ്ങിയവരെല്ലാം ക്യാബിനറ്റ് പദവിയോടെയാണ് മന്ത്രിമാരാവുന്നത്. ജെപി നദ്ദ മന്ത്രിസഭയിലേക്ക് വന്നതോടെ ആരാവും ബിജെപി അധ്യക്ഷൻ എന്നാണ് ഇനി അറിയേണ്ടത്.