ചെന്നൈ :പൊങ്കൽ ആഘോഷത്തിനിടെയുണ്ടായ കനത്ത പുക വിമാന, ട്രെയിൻ സർവീസുകളെ തടസ്സപ്പെടുത്തി. മൂടൽമഞ്ഞും പുകയും റൺവേയെ മറച്ചതിനാൽ ചെന്നൈ വിമാനത്താവളത്തിൽ 14 വിമാനങ്ങൾ റദ്ദാക്കി. 10 വിമാനങ്ങൾ 3 മണിക്കൂർ വരെ വൈകി44 വിമാന സർവീസുകളെ ബാധിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. ചെന്നൈ സബർബൻ സർവീസുകളും പുലർച്ചെയുള്ള ബസ് സർവീസുകളും തടസ്സപ്പെട്ടു. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. കനത്ത പുക കാരണം നഗരത്തിലെ വായുവിന്റെ ഗുണനിലവാരവും മോശമായി.
പാഴ്വസ്തുക്കൾ കത്തിച്ചു കളയുന്ന ബോഗി പൊങ്കൽ ദിനത്തിലെ പുകയാണ് സർവീസുകൾ തടസ്സപ്പെടാൻ കാരണം. ഈ വർഷം ചെന്നൈ വിമാനത്താവളത്തിൽ പ്രതീക്ഷിച്ച തോതിൽ പുകമഞ്ഞും മൂടൽമഞ്ഞും ഉണ്ടാകാത്തതിനാൽ, വിമാന പ്രവർത്തനങ്ങളെ അത് കാര്യമായി ബാധിച്ചിട്ടില്ല.പൊങ്കലിന് ഒരു ദിവസം മുൻപ് വരുന്ന ബോഗി ഉത്സവത്തിൽ, പഴയതും ഉപേക്ഷിച്ചതുമായ വീട്ടുപകരണങ്ങൾ വീടുകൾക്ക് പുറത്തുള്ള തെരുവുകളിൽ കത്തിക്കുന്ന ഒരു പരമ്പരാഗത ആചാരമാണുള്ളത്. അതുപോലെ, ചെന്നൈ വിമാനത്താവളത്തിന് ചുറ്റുമുള്ള റെസിഡൻഷ്യൽ ഏരിയകളായ മീനമ്പാക്കം, ഗൗൾ ബസാർ, പൊഴിച്ചാലൂർ, പമ്മൽ, അനകപുത്തൂർ, തോറൈപ്പാക്കം, മണപ്പാക്കം, നന്ദമ്പാക്കം, തുടങ്ങിയ പ്രദേശങ്ങളിൽ, ബോഗി ആഘോഷങ്ങളുടെ ഭാഗമായി പുലർച്ചെ പഴയ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ടയറുകൾ, മറ്റ് ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ എന്നിവ കത്തിച്ചു.