മൈസൂരു : സമീപദിവസങ്ങളിൽ നഗരത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതോടെ കർശനനടപടിയുമായി പോലീസ് രംഗത്തെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി ആന്റി റൗഡി സ്ക്വാഡുകളെ വിന്യസിച്ചും പട്രോളിങും വാഹന പരിശോധനകളും വർധിപ്പിച്ചും പ്രവർത്തനങ്ങൾ ശക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങൾ, പാർക്കുകൾ, ബാറുകൾ, വൈൻ സ്റ്റോറുകൾ, ചായക്കടകൾ, ഹോട്ടലുകൾ, റോഡരികിലെ കടകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധനകൾ തുടങ്ങി.
കഴിഞ്ഞ ആഴ്‌ച നഗരത്തിലെ ദൊഡ്ഡക്കരെ മൈതാനത്തിന് സമീപം കാർ ഓടിച്ചുപോകുമ്പോൾ ആറോളം പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അടുത്തദിവസം പത്തുവയസ്സുള്ള പെൺകുട്ടി ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.ഇതോടെയാണ് പോലീസ് കൂടുതൽ പരിശോധനകളുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള പരിശോധനയിൽ വെള്ളിയാഴ്ച 405, ശനിയാഴ്ചച-207 പേർ എന്നിങ്ങനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. രണ്ടുദിവസങ്ങളിലായി 334 പേർക്കെതിരേ പൊതുസ്ഥലത്തെ ലഹരി ഉപയോഗത്തിന് കേസുകൾ രജിസ്റ്റർ ചെയ്‌തു.
പരിശോധനയിൽ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ വ്യാപകമായി പിഴചുമത്തി.ദൊഡ്ഡക്കെരെ മൈതാനം, ദസറ എക്‌സിബിഷൻ പാർക്കിങ് ഏരിയ, ജ്വാലാമുഖി പാർക്കിങ് സ്ഥലം, ആർഎംസി ബസ് സ്റ്റാൻഡ്, ആർടിഒ സർക്കിൾ, കുവേംപുനഗർ കോംപ്ലക്‌സ്, ശാന്തിനഗർ, രാജീവ് നഗർ തുടങ്ങിയ നഗരത്തിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധനകൾ നടത്തിയത്. പരിശോധന പതിവായി തുടരുമെന്നും നഗരത്തിൽ നിയമവിരുദ്ധമോ സംശയാസ്‌പദമോ ആയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു
വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മുത്തശിയും കുഞ്ഞും മരിച്ചു
വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിനു സമീപം ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം.അസല (55), ഹേമശ്രീ എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടു കാട്ടാനകള്‍ വീടിന്‍റെ ജനല്‍ തകർത്തതോടെ കുഞ്ഞുമായി രക്ഷപ്പെടാൻ പുറത്തിറങ്ങിയതായിരുന്നു മുത്തശി. ഈ സമയം വീടിന്‍റെ മുൻഭാഗത്ത് നില്‍ക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചു.പരിക്കേറ്റ അസലയെ വാല്‍പ്പാറ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി വാല്‍പ്പാറ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.