ബെംഗളൂരു: നോർത്ത് ബെംഗളൂരു ബെള്ളാരി റോഡിലുള്ള ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഡിസംബർ 31 മുതൽ ജനുവരി 15 വരെ മാളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചതായി ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു.
ഡിസംബർ 31 ന് രാവിലെ 10 മുതൽ ജനുവരി 15 രാത്രി 12 മണി വരെയാണ് നിയന്ത്രണം. മാളിലെ ഇംഗ്ലീഷ് നെയിം ബോർഡ് സംബന്ധിച്ച് കന്നഡ രക്ഷണ വേദികെ പ്രവർത്തകർ പ്രശ്നമുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഇതിനു പുറമെ ആഘോഷ ദിവസങ്ങളിൽ മാൾ തുറന്നാൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.
ഡിസംബർ 27ന്, മാളിൽ കന്നഡ സൈൻബോർഡുകൾ വേണമെന്ന് ആവശ്യപ്പെട്ട് മാൾ മാനേജ്മെന്റിനെതിരെ കന്നഡ അനുകൂല പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ഫീനിക്സ് മാൾ ഓഫ് ഏഷ്യയും വൈറ്റ്ഫീൽഡിലെ ഫീനിക്സ് മാർക്കറ്റ്സിറ്റിയും അടച്ചുപൂട്ടിയിരുന്നു.
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ ക്രമസമാധാനം പരിപാലിക്കാൻ ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. മാളിലെ എക്സ്ഹോസ്റ്റ് ബ്ലോവറുകൾ ഉയർന്ന അളവിലുള്ള ശബ്ദ മലിനീകരണത്തിന് കാരണമാകുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആളുകളിൽ നിന്നും അടുത്തിടെ 200 രൂപ പ്രവേശന ഫീസ് ആയി മാൾ ഈടാക്കിയതായും പരാതി ലഭിച്ചിരുന്നു.
കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ട് പ്രകാരം മാളിലെ ശബ്ദമലിനീകരണം നിശ്ചിത പരിധിയിൽ കൂടുതലാണ്. ഇത് സംബന്ധിച്ച് മാൾ അധികൃതർക്ക് യെലഹങ്ക സബ് ഡിവിഷനിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്.