ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം.20-കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.കോളേജില്‍നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍മുറിയിലെത്തിച്ചായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയത്. പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കോളേജില്‍നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി.
പിന്നാലെ ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കൊപ്പാളിലെ ഹോട്ടലിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പ്രതികള്‍ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. മയക്കുമരുന്ന് കലര്‍ത്തിയ ബിയറാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്.പെണ്‍കുട്ടി ബോധരഹിതയായതോടെ പീഡനത്തിനിരയാക്കുകയായിരുന്നു. നവീൻ, സഖീബ്, തനു എന്നിവര്‍ക്കെതിരെയും പേരറിയാത്ത മറ്റൊരാള്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കി പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.