ബന്ദിപ്പുരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബെംഗളൂരുവിലെ മൂന്നംഗ കുടുംബത്തെ പോലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ നാലുപേരെ അറസ്റ്റുചെയ്തതായും രണ്ട് പ്രധാന പ്രതികൾ ഒളിവിലാണെന്നും ചാമരാജ്‌നഗർ എസ്.പി. ബി.ടി. കവിത അറിയിച്ചു.ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ (ബി.ബി.എം.പി.) ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റായ ജെ. നിഷാന്ത് (40), ഭാര്യ ചന്ദന, ഇവരുടെ പത്തുവയസ്സുള്ള മകൻ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്.
ബന്ദിപ്പൂരിലെ റിസോർട്ടിൽനിന്ന് ചൊവ്വാഴ്ച രാവിലെ കുടുംബം മംഗളയിലേക്ക് പോയപ്പോൾ ഒരു കാർ ഇവരെ പിന്തുടരുകയും വഴിയിൽനിന്ന് തട്ടികൊണ്ടുപോകുകയുമായിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലൂടെ റിസോർട്ടിൽനിന്ന് 375 കിലോമീറ്റർ അകലെ വിജയപുര ജില്ലയിലെ ഹൊന്നഗള്ളി ഗ്രാമത്തിലെ ഒരു ഫാംഹൗസിൽനിന്ന് കുടുംബത്തെ ചൊവ്വാഴ്‌ച രാത്രിവൈകി പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ മല്ലികാർജുന, എരണ്ണ, സിദ്ധരാമയ്യ, വിശ്വനാഥ് എന്നിവരെ പോലീസ് അറസ്റ്റുചെയ്‌തു. സി.സി.ടി.വി. ക്യാമറകളും മൊബൈൽകോളുകളും പിന്തുടർന്നാണ് പോലീസ് നടപടി.നിഷാന്ത് ബെംഗളൂരുവിലെ സഹോദരങ്ങളായ പുനീത്, സ്നേഹിത് എന്നിവരിൽനിന്ന് 65 ലക്ഷം രൂപ വായ്പവാങ്ങിയിരുന്നു. ഇത് കൃത്യസമയത്ത് തിരിച്ചുനൽകാൻ സാധിച്ചില്ല. തുടർന്ന് പുനീത് ഏർപ്പെടുത്തിയ സംഘമാണ് കുടുംബത്തെ തട്ടികൊണ്ടുപോയതെന്നും പോലീസ് അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
യാത്രയയപ്പിന് ഉര്‍ദു പേര്; സ്കൂളിനെതിരെ അന്വേഷണം
വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിക്ക് ഉർദു പേര് നല്‍കിയതിന് രാജസ്ഥാനിലെ സർക്കാർ സ്കൂളിനെതിരെ വകുപ്പുതല അന്വേഷണം.12ാം ക്ലാസ് വിദ്യാർഥികള്‍ക്കുള്ള യാത്രയയപ്പ് പരിപാടിക്ക് ‘വിടവാങ്ങല്‍ ആഘോഷം’ എന്ന് അർഥം വരുന്ന ഉർദു പദമായ ‘ജഷ്നെ അല്‍വിദ’ എന്ന് പേരിട്ടതിലാണ് അന്വേഷണം.ബാരൻ ജില്ലയിലെ മഹാത്മാ ഗാന്ധി സർക്കാർ സ്കൂളിനെതിരെയാണ് ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചത്.
സ്കൂളിലെ മുസ്‍ലിം വിദ്യാർഥികളാണ് പേര് നിർദേശിച്ചതെന്നും തുടർന്ന് സ്‌കൂള്‍ വികസന സമിതി യോഗത്തില്‍ ചർച്ച ചെയ്ത് അനുമതി ലഭിച്ചതിന് ശേഷമാണ് തീരുമാനമായതെന്നും സ്കൂള്‍ പ്രിൻസിപ്പല്‍ പറഞ്ഞു.രാജസ്ഥാനിലെ ഏതാനും സർക്കാർ സ്കൂളുകളില്‍ ഉർദു ക്ലാസുകള്‍ അവസാനിപ്പിക്കാനും പുതുതായി സംസ്കൃതം തുടങ്ങാനും വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ നിർദേശം നല്‍കിയിരുന്നു.