ബെംഗളൂരു : നഗരത്തില്‍ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ട്രാഫിക് പോലീസുദ്യോഗസ്ഥൻ ഒരു കാബ് ഡ്രൈവറെ പരസ്യമായി മർദിച്ചതായി പരാതി.

ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊതുജനരോഷം ശക്തമായി. ആർടി നഗർ ഫ്ലൈ ഓവറിനടുത്ത് ഷെല്‍ പെട്രോള്‍ പമ്ബിന് സമീപമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.പരാതിക്കാരനായ കാബ് ഡ്രൈവർ തന്റെ വാഹനം അഞ്ചു മിനിറ്റ് നേരത്തേക്ക് മാത്രമാണ് പാർക്ക് ചെയ്തത്. എന്നാല്‍ സ്ഥലത്തെത്തിയ ട്രാഫിക് പോലീസുകാരൻ പ്രകോപനമില്ലാതെ ശകാരിക്കാൻ തുടങ്ങി. തുടർന്നുണ്ടായ വാക്കുതർക്കം കൈയേറ്റത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.സ്ഥലത്തുണ്ടായിരുന്ന ഒരു വഴിയാത്രക്കാരൻ സംഭവം മൊബൈല്‍ കാമറയില്‍ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളായ എക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചിരിക്കുന്നത്. യൂണിഫോം ധരിച്ച പോലീസുകാരൻ ഡ്രൈവറുമായി രൂക്ഷമായ വാക്കുതർക്കത്തില്‍ ഏർപ്പെടുന്നതും, ഡ്രൈവർ ശാന്തനാകാൻ ശ്രമിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥൻ അദ്ദേഹത്തെ അടിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഒരു പൊതുസ്ഥലത്ത് അധികാരം ദുരുപയോഗം ചെയ്ത് നടത്തിയ ഈ കൈയേറ്റം പോലീസിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍പ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണുയർന്നത്. കാബ് ഡ്രൈവറെ മർദിച്ച പോലീസുദ്യോഗസ്ഥനെതിരെ കർശനമായ നടപടി വേണമെന്നാണ് പൊതു ആവശ്യം. പോലീസ് സേനയില്‍ നിന്ന് ഇത്തരം ഗുണ്ടകളെ ഉടൻ പുറത്താക്കണമെന്നാണ് എന്ന് ഒരു എക്സ് ഉപയോക്താവ് പ്രതികരിച്ചത്.അതേസമയം വിഷയം വിവാദമായതോടെ ബെംഗളൂരു സിറ്റി പോലീസ് ഔദ്യോഗികമായി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി പോലീസ് അറിയിച്ചു. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ബെംഗളൂരു സിറ്റി പോലീസ് വ്യക്തമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പൊതുജന പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ വേഗത്തില്‍ ഇടപെടാനുള്ള നീക്കമാണ് ബെംഗളൂരു സിറ്റി പോലീസ് നടത്തിവരുന്നത്.