ബെംഗളൂരു: ബീദറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹംകഴിച്ച സർക്കാർ സ്കൂൾ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. ബാൽക്കിതാലൂക്കിലെ സർക്കാർ പ്രൈമറി സ്കൂളിലെ 34-കാരനായ അധ്യാപകനെതിരേയാണ് പോലീസ് കേസെടുത്തത്. ഈമാസം അഞ്ചിനായിരുന്നു വിവാഹം. എന്നാൽ കഴിഞ്ഞദിവസം വനിതാ ശിശുക്ഷേ വകുപ്പിന് ഗ്രാമവാസികളിലൊരാൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വനിതാ- ശിശുക്ഷേമ വകുപ്പ് പരാതി പോലീസിന് കൈമാറുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടില്ലെന്നും സമുദായ ആചാരത്തിന്റെഭാഗമായി നടന്ന ചടങ്ങ് വിവാഹമായി തെറ്റിദ്ധരിച്ചതാണെന്നുമാണ് അധ്യാപകന്റെ വാദം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഇയാളെ ജോലിയിൽനിന്ന് മാറ്റിനിർത്താനുള്ള നടപടികൾ തുടങ്ങിയതായി ബ്ലോക്ക് വിദ്യാഭ്യാസഓഫീസർ അറിയിച്ചു. വിവാഹക്കാര്യം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കാത്ത സ്കൂളിലെ പ്രഥമാധ്യാപകനെതിരേയും നടപടിയുണ്ടാകും.
ബാലവിവാഹങ്ങൾ കൂടുതൽനടക്കുന്ന ജില്ലകളിലൊന്നാണ് ബീദർ. കോവിഡ് ലോക്ഡൗൺ കാലത്ത് ബാലവിവാഹങ്ങൾ കുത്തനെ വർധിച്ചതിനെത്തുടർന്ന് ഇവ തടയൻ ഗ്രാമങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ സർക്കാർ നിയോഗിച്ചിരുന്നു. ഇതോടെ ഒരുപരിധിവരെ ഇത്തരംവിവാഹങ്ങൾ തടയാൻ കഴിഞ്ഞിരുന്നു. ഗ്രാമീണരിൽനിന്ന് കാര്യമായപിന്തുണ ലഭിക്കാത്തതാണ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുന്നത്.