Home Featured മോദി ബഹിരാകാശത്തേക്ക്? സൂചന നല്‍കി ഐ.എസ്.ആര്‍.ഒ മേധാവി

മോദി ബഹിരാകാശത്തേക്ക്? സൂചന നല്‍കി ഐ.എസ്.ആര്‍.ഒ മേധാവി

by admin

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹിരാകാശ യാത്രയെ കുറിച്ച്‌ സൂചന നല്‍കി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍(ഐ.എസ്.ആര്‍.ഒ) തലവന്‍.

മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ‘ഗഗന്‍യാന്‍’ യാഥാര്‍ഥ്യമായാല്‍ മോദിയെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ സന്തോഷമേയുള്ളൂവെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് പറഞ്ഞു. ഗഗന്‍യാനിനു പുറമെ മൂന്ന് സുപ്രധാന ദൗത്യങ്ങളും ഈ വര്‍ഷം ഐ.എസ്.ആര്‍.ഒയ്ക്കു മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.ടി.വിയോടായിരുന്നു ഡോ. സോമനാഥിന്റെ പ്രതികരണം. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്‍യാന്റെ ആദ്യ യാത്രയ്ക്കുള്ള സംഘത്തെ നേരത്തെ മോദി പ്രഖ്യാപിച്ചിരുന്നു. വ്യോമസേനയുടെ ഭാഗമായ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, ശുബാന്‍ഷു ശുക്ല എന്നിവരാണു പരീക്ഷണത്തിന്റെ ഭാഗമാകാന്‍ പോകുന്നത്.

എന്നാല്‍, ദൗത്യത്തിനായി അയക്കാന്‍ യോഗ്യരായ പരിശീലനം സിദ്ധിച്ച ബഹിരാകാശ യാത്രികര്‍ കുറവാണെന്ന് ഡോ. സോമനാഥ് പറഞ്ഞു. വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ളവരെ ഇപ്പോള്‍ അയയ്ക്കാനാകില്ല. വര്‍ഷങ്ങളുടെ പരിശീലനവും കഴിവുകളും ആവശ്യമായ ദൗത്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മോദിയെ ബഹിരാകാശത്തേക്ക് അയയ്ക്കുമോ എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ”തീര്‍ച്ചയായും. അതില്‍ ഏറെ സന്തോഷമേയുള്ളൂ… പക്ഷേ, കൂടുതല്‍ ഉത്തരവാദിത്തങ്ങളുള്ളയാളാണ് അദ്ദേഹം. എന്നാല്‍, എല്ലാ മനുഷ്യരെയും കൊണ്ടുപോകാന്‍ ശേഷിയുള്ള പേടകം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണുള്ളത്.”

ഗഗന്‍യാന്‍ യാഥാര്‍ഥ്യമായാല്‍ മോദിയെ കൊണ്ടുപോകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അത്തരമൊരു ഘട്ടമെത്തിയാല്‍ രാഷ്ട്രത്തലവന്‍ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കു പറക്കണം. അതു നമ്മുടെ പേടകത്തിലും നമ്മുടെ മണ്ണില്‍നിന്നുമാകണം. ഗഗന്‍യാന്‍ അതിനു സജ്ജമാകാന്‍ കാത്തിരിക്കുകയാണെന്നും ഡോ. സോമനാഥ് കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group