ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.
പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉല്‍ഘാടനം ചെയ്യും. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും. അതേസമയം, പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72ാം പിറന്നാളിന്റെ നിറവിലാണ്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിനായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാള്‍ ആഘോഷ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഇന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരമാകും പാര്‍ട്ടി വിതരണം ചെയ്യുക.
ഗുജറാത്തില്‍ മോദിയുടെ മുഖാകൃതിയില്‍ 72,000 ദീപങ്ങള്‍ തെളിയിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം 72 മരങ്ങള്‍ നടനും 72 കുപ്പി രക്തം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ വിജയ് ഗോയല്‍ എംപി മോദിക്ക് വേണ്ടി 72 കിലോഗ്രാം ഭാരം വരുന്ന കേക്ക് മുറിച്ച് ആഘോഷിക്കാനാണ് പദ്ധിയിട്ടിരിക്കുന്നത്. ഒപ്പം രാജീവ് ചൗകിലെ മെട്രോ സ്‌റ്റേഷിനില്‍ പൊതുജനങ്ങള്‍ക്ക് മോദിക്കായി ആശംസ അറിയിക്കാന്‍ ‘വോള്‍ ഓഫ് ഗ്രീറ്റിംഗ്‌സ്’ ഉം സ്ഥാപിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ 56 ഇഞ്ച് വരുന്ന താലി അവതരിപ്പിച്ചുകൊണ്ടാണ് മോദിയുടെ പിറന്നാള്‍ ആഘോഷമാക്കുന്നത്. 56 ഇഞ്ച് വരുന്ന ഈ സദ്യയില്‍ 56 ഇനം ഭക്ഷണങ്ങളുമുണ്ടാകും. പത്ത് ദിവസത്തേക്കാണ് ഇത് ഉണ്ടാവുക. കൊണാട്ട് പ്ലേസിലെ ആര്‍ദോര്‍ 2.1 എന്ന ഈ ഭക്ഷണശാലയിലെ താലിക്ക് 2,600 രൂപയാകും വില.
പ്രധാനമന്ത്രിക്ക് ലഭിച്ച 1,200 സമ്മാനങ്ങളുടെ ലേലവും ഇന്ന് നടക്കും.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത വ്യക്തികളും അഭ്യുദയകാംക്ഷികളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച അസംഖ്യം ഉപഹാരങ്ങളും മെമന്‍റോകളും അദ്ദേഹത്തിന്‍റെ ഓഫീസിലുണ്ട്. അതിമനോഹരമായ പെയിന്റിംഗുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ഉപഹാരങ്ങളുമാണ് ലേലത്തിനുള്ളത്.
ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ അവ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അയോധ്യയിലെ രാമ ക്ഷേത്രത്തിന്‍റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റെ മോഡലുകളാണ് ഇത് ഏറ്റവും ശ്രദ്ധേയമായത്. കെ ശ്രീകാന്ത് ഒപ്പിട്ട ബാഡ്മിന്‍റണ്‍ റാക്കറ്റ് അടക്കം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കൂടാതെ, ഗുസ്തി, ഹോക്കി താരങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന സ്പോര്‍ട്സ് ജഴ്സികളുമുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ച റാണി കമലാ പതിയുടെ പ്രതിമയും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സമ്മാനിച്ച ത്രിശൂലവും അയോധ്യയിൽ നിന്നുള്ള പുണ്യമണ്ണ് അടങ്ങിയ അമൃത കലശവും മറ്റ് ചില ആകർഷണങ്ങളാണ്. ഇ-ലേലത്തിൽ പങ്കെടുക്കുന്നതിന്, 2022 സെപ്റ്റംബർ 17 നും ഒക്ടോബർ 2 നും ഇടയിൽ ഈ ലിങ്കിൽ- https://pmmementos.gov.in/ –ലേക്ക് ലോഗിൻ ചെയ്യാനാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്. 2019ലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരമൊരു ലേലം ആദ്യമായി സംഘടിപ്പിച്ചത്. ഇപ്പോള്‍ നാലാമത്തെ ലേലമാണ് നടക്കാന്‍ പോകുന്നത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ഗംഗ ശുദ്ധീകരണ പദ്ധതിയിലേക്കാണ് നല്‍കുക.
നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിടും. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് ചീറ്റുകളെ തുറന്നുവിടുന്നത്.
വംശനാശം നേരിട്ട ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് തിരിച്ചുവരുന്നത്. നമീബിയന്‍ കാടുകളില്‍ നിന്ന് എട്ടു ചീറ്റകളാണ് കുനോ വനത്തില്‍ വിഹരിക്കുക. ചീറ്റകള്‍ക്ക് ജീവിക്കാന്‍ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറില്‍ നിന്ന് അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയില്‍ എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ അവതരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പതിനാറ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാനുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2009ല്‍ ആവിഷ്‌കരിച്ച പദ്ധതിയിലാണ് ചീറ്റുകളെ വീണ്ടും അവതരിപ്പിക്കുന്നത്.