ന്യൂഡല്‍ഹി: പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബി.ജെ.പി നേതൃത്വം നല്‍കുന്ന രണ്ടാം എൻ.ഡി.എ സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി.
രാജി സ്വീകരിച്ച രാഷ്ട്രപതി പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നല്‍കാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. തുടർനടപടിയുടെ ഭാഗമായി 2019 മുതല്‍ 2024 വരെയുള്ള പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.
മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എൻ.ഡി.എ എം.പിമാരുടെ യോഗം ഏഴാം തീയതി ഡല്‍ഹിയില്‍ ചേരും. തെലുങ്ക് ദേശം പാർട്ടിയും (ടി.ഡി.പി) ജനതാദള്‍ യുനൈറ്റഡും (ജെ.ഡി.യു) സർക്കാർ രൂപീകരണത്തിന് ബി.ജെ.പിയെ പിന്തുണക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ 543 സീറ്റില്‍ 240 സീറ്റില്‍ ബി.ജെ.പിയും 99 സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ 303 സീറ്റും 2014ല്‍ 282 സീറ്റുമാണ് ബി.ജെ.പി നേടിയിരുന്നത്. 2019ല്‍ കോണ്‍ഗ്രസ് 52 സീറ്റും 2014ല്‍ 44 സീറ്റും നേടി. ലോക്സഭ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ 291 സീറ്റിലും ഇൻഡ്യ സഖ്യം 231 സീറ്റിലും മറ്റുള്ളവർ 18 സീറ്റിലും വിജയിച്ചു.