ഹൈദരാബാദ്: രാത്രി കാമുകിയുമൊത്ത് പിസ്സ കഴിക്കാനായി വീട്ടിലെത്തിയ 20 കാരൻ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഹൈദരാബാദില്‍ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷുഹൈബ് എന്ന യുവാവാണ് മരിച്ചത്. കാമുകിക്കായി വാങ്ങിയ പിസ്സ കാമുകിയുടെ വീടിന്റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്ബോള് പെണ്‍കുട്ടിയുടെ പിതാവ് അവിടേക്കു വരുന്നതു കണ്ടു. തുടര്‍ന്ന് ഒളിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവാവ് ടെറസില്‍ നിന്ന് വീഴുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് അപകടം. മൂന്ന് നില കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ ഷുഹൈബിന്റെ കഴുത്തൊടിഞ്ഞു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ മുഹമ്മദ് ഷുഹൈബിന്റെ ബന്ധുക്കളെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. സംഭവത്തില്‍ ഷുഹൈബിന്റെ പിതാവ് ഷൗക്കത്ത് അലി പോലീസില്‍ പരാതി നല്കി.