തിരുവനന്തപുരം: കേരളം ടൂറിസം ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്ററ്‍ പേജുകളിൽ ഷെയർ ചെയ്ത ചിത്രം വലിയ രീതിയിൽ ചർച്ചയാകുന്നു. സ്പൈഡർമാൻ: നോ വേ ഹോം താരങ്ങളായ ടോം ഹോലൻഡും സെൻഡേയയും മൂന്നാർ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണ് ചർച്ചയാകുന്നത്. ഇരുവരും ഇന്ത്യാ സന്ദർശനത്തിന് എത്തിയതാണെങ്കിലും ഇതുവരെ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, കേരള ടൂറിസം വകുപ്പ് പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രമാണെന്നും ഇരുവരും ബോസ്റ്റണിൽ നിൽക്കുന്ന ചിത്രങ്ങൾ മൂന്നാറിലേതാക്കി മാറ്റി വ്യാജമായി നിർമിക്കുകയാണെന്നും സോഷ്യൽമീഡിയയിൽ വ്യാപകമായി വിമർശനമുയർന്നു. ഫേസ്ബുക്ക് പേജിൽ 12 മണിക്ക് പോസ്റ്റ് ചെയ്ത ചിത്രം നിരവധി വിമർശന കമന്റുകൾ ഉണ്ടായിട്ടും നീക്കിയില്ല.
നിത അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിനായി ഹോളിവുഡ് ദമ്പതികളായ ടോം ഹോലൻഡും സെൻഡായയും മുംബൈയിൽ എത്തിയതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ആലിയ ഭട്ട്, കരീന കപൂർ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് പ്രമുഖരും ജിജി ഹഡിദ്, നിക്ക് ജോനാസ് തുടങ്ങിയ ഹോളിവുഡ് സെലിബ്രിറ്റികളും പങ്കെടുത്ത താരനിബിഡമായ പരിപാടിയിൽ ഇവരെ കണ്ടില്ല. ഇവരുടെ അസാന്നിധ്യം ചർച്ചയായതിന് പിന്നാലെയാണ് കേരള ടൂറിസം ശനിയാഴ്ച ചിത്രം പോസ്റ്റ് ചെയ്തത്.
Guess who we spotted far away from home? എന്ന കുറിപ്പോടെ #FarAwayHome #Munnar #KeralaTourism ഹാഷ്ടാഗുകളുമായാണ് ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ബോസ്റ്റണിൽ നിന്ന് എടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്നാണ് നിരവധി പേർ കമന്റ് ചെയ്തത്. ചാരനിറത്തിലുള്ള പാന്റും വെള്ള സ്‌നീക്കറുകളുള്ള പച്ച ടർട്ടിൽനെക്ക് സ്വെറ്ററുമാണ് സെൻഡേയ ധരിച്ചിരുന്നത്. ചാരനിറത്തിലുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ടോം ധരിച്ചത്. വെള്ളിയാഴ്ചയാണ് ദി സ്പൈഡർമാൻ: നോ വേ ഹോം താരങ്ങളായ സെൻഡയയും ടോം ഹോലൻഡും മുംബൈയിൽ എത്തിയത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇരുവരും പുറത്തുവരുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കുറച്ച് വർഷങ്ങളായി ഇരുവരും ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ട്.