കർണാടക: കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ സർക്കാർ ആശുപത്രിയില്‍ ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടർക്ക് ജോലി നഷ്ടപ്പെട്ടു. ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായാണ് അഭിനയിച്ചത്.
ചിത്രീകരണത്തിനായി ഇവർ മെഡിക്കല്‍ ഉപകരണങ്ങളും ലൈറ്റിങ് സജ്ജീകരണവും ഒരുക്കിയിരുന്നു. കൂടാതെ കാമറാമാനും സാങ്കേതിക ജോലിക്കാരെയും ഇവർ ഏർപ്പാടാക്കിയിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. ഒരു മാസം മുമ്ബ് നാഷണല്‍ മെഡിക്കല്‍ ഓഫീസറായി കരാർ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന ഡോക്ടറെയാണ് പിരിച്ചുവിട്ടതെന്ന് ചിത്രദുർഗ ജില്ലാ ആരോഗ്യ ഓഫീസർ രേണു പ്രസാദ് പറഞ്ഞു.
അതിനിടെ, ഡോക്ടർമാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. സർക്കാർ ആശുപത്രികള്‍ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടർമാരും ജീവനക്കാരും സർക്കാർ സർവീസ് ചട്ടങ്ങള്‍ക്കനുസൃതമായി ജോലി നിർവഹിക്കണമെന്നും മന്ത്രി പറഞ്ഞു.