ബെംഗളൂരു ∙ കർണാടക ശിവമൊഗ്ഗ സെൻട്രൽ ജയിലിലെ തടവുകാരന്റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്.കല്ലു വിഴുങ്ങിയെന്നും കഠിനമായ വയറുവേദനയുണ്ടെന്നും പറഞ്ഞാണ് ദൗലത്ത് ജയിൽ ഡോക്ടറുടെ അടുത്തെത്തിയത്. മരുന്നു കൊടുത്തെങ്കിലും വയറുവേദന കൂടി. ഇതേത്തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേയിൽ വയറ്റിൽ ഒരു വസ്തുവുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയപ്പോൾ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ ജയിൽ സൂപ്രണ്ട് പി. രംഗനാഥ് തുംഗനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജയിൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങിയതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജൂണ്‍ 24-നാണ് തനിക്ക് കലശലായ വയറുവേദന അനുഭവപ്പെടുന്നതായി ജയിലിലെ മെഡിക്കല്‍ സ്റ്റാഫിനെ ദൗലത്ത് അറിയിച്ചത്. അധികം വൈകാതെ ജയില്‍ അധികൃതര്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി ദൗലത്തിനെ മാറ്റി. ആശുപത്രിയിലെ എക്സ്-റേ പരിശോധനയില്‍ ദൗലത്തിന്റെ വയറ്റിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ സാന്നിധ്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രിക്രിയയില്‍ വയറ്റിനുള്ളില്‍ നിന്ന് ഫോണ്‍ നീക്കം ചെയ്തു. ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ളതായിരുന്നു ഫോണ്‍. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഫോണ്‍ സീല്‍ ചെയ്ത കവറില്‍ ജയില്‍ അധികൃതര്‍ക്ക് ജൂലായ് എട്ടിന് ആശുപത്രി അധികൃതര്‍ കൈമാറി.
തൊട്ടുപിന്നാലെ ജയില്‍ ഉദ്യോഗസ്ഥനായ രംഗനാഥ് പി തുങ്കനഗര്‍ പോലീസ് സ്റ്റേഷനില്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതി നല്‍കുകയും ചെയ്തു. ജയില്‍ സുരക്ഷയിലുണ്ടായ വീഴ്ചയിലേക്കാണ് സംഭവം വിരല്‍ചൂണ്ടുന്നതെന്നും അതിനാല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് പരാതിയിലുള്ളത്. ഔദ്യോഗിക അന്വേഷണത്തിനാണ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലില്‍ എങ്ങനെയാണ് തടവുകാരന്റെ കൈയില്‍ ഫോണ്‍ എത്തിയതെന്നാണ് പോലീസ് നിലവില്‍ അന്വേഷിക്കുന്നത്. തടവുകാരനെ ജയിലിലെ ജീവനക്കാര്‍ ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കുന്നുണ്ട്. തടവുകാരന് എതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.