ബംഗളൂരു: മേല്‍ജാതിക്കാരുടെ കടുത്ത എതിര്‍പ്പിനിടയില്‍ കനത്ത പൊലീസ് കാവലില്‍ കര്‍ണാടകയിലെ ആഞ്ജനേയ ക്ഷേത്രത്തില്‍ ദലിതുകള്‍ക്ക് പ്രവേശനം. യാദ്ഗിര്‍ ജില്ലയിലെ സുറാപൂര്‍ താലൂക്കിലെ അമാലിഹള് ഗ്രാമത്തിലാണ് സംഭവം.
മേല്‍ജാതിക്കാരുടെ എതിര്‍പ്പുള്ളതിനാല്‍ ദലിത് വിഭാഗത്തിലുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കുമുമ്ബ് ഹവിനഹള്ളിയിലെ ദലിത് വിഭാഗക്കാര്‍ ജില്ല ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇരുവിഭാഗങ്ങളുടെയും സമാധാനയോഗം വിളിച്ചു. എന്നാല്‍, മേല്ജാതിക്കാര് നിലപാടില്‍ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെട്ടു. തുടര്‍ന്ന് ശനിയാഴ്ച ഗ്രാമത്തില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു.
ഗ്രാമത്തില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ദലിതുകളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി. തുടര്‍ന്നാണ് ദലിതുകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാനായത്.
സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് വാഹനത്തില്‍ തന്നെയാണ് ദലിത് സ്ത്രീകളെ ക്ഷേത്രത്തില്‍ എത്തിച്ചത്. തുടര്‍ന്നും ദലിതുകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകുമെന്നും തടഞ്ഞാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും യാദ്ഗിര്‍ എസ്.പി സി.ബി. വേദമൂര്‍ത്തി പറഞ്ഞു. സാമൂഹികക്ഷേമ, റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.