മത വിദ്വേഷ പരാമർശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എല്‍.എയുമായ പി.സി.ജോർജ് കോടതിയില്‍ കീഴടങ്ങി.ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോർജ് ഇന്ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ജോർജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടില്‍നിന്ന് വിട്ടുനിന്ന പി.സി. ജോർജ് താൻ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു പോലീസിനെ അറിയിച്ചത്. എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാതെ അഭിഭാഷകനും ബിജെപി നേതാക്കള്‍ക്കുമൊപ്പം മജിസ്ട്രേറ്റിന് മുന്നിലാണ് പി.സി.ജോർജ് എത്തിയത്.
ചാനല്‍ ചർച്ചയില്‍ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർചെയ്ത കേസില്‍ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.. മുപ്പതുവർഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.
മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുൻകേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുൻകൂർജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോർജ് മുൻപ് നടത്തിയ പ്രകോപനപരമായ പരാമർശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോർജിനെ മുമ്ബും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2024 ജനുവരി ആറിന് നടന്ന ചാനല്‍ ചർച്ചയില്‍, ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്താനിലേക്ക് പോകണം എന്നും പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലീം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചത് എന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. പ്രസ്താവന വലിയ വിവാദമായതോടെ യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.
മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി തന്നെ കണക്കാക്കണമെന്നാണ് പി.സി. ജോർജിന്റെ ജാമ്യ കേസില്‍ വാദം കേട്ട കോടതി പറഞ്ഞത്. കേന്ദ്ര സർക്കാർ ഇതിനനുസരിച്ച് നിയമനിർമാണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പി.സി. ജോർജിനെതിരെ കടുത്ത നിരീക്ഷണങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. പി.സി. ജോര്‍ജിനെതിരെ പ്രഥമദൃഷ്ട്യാ മതവിദ്വേഷ പരാമര്‍ശക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാനാവില്ല. മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ കഴുകിക്കളയാനാവില്ല. അങ്ങനെയുള്ള മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. 30 വര്‍ഷം എംഎല്‍എ ആയിരുന്നയാളുടെ പരാമര്‍ശങ്ങള്‍ പൊതുസമൂഹം കാണുന്നുണ്ട്.
സമൂഹത്തിലെ റോള്‍ മോഡലുകളാണ് രാഷ്ട്രീയ നേതാക്കള്‍. ഭരണഘടനാ ആശയമായ മതേതരത്വത്തെ ബാധിക്കുന്നതാണ് പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ മുളയിലേ നുള്ളണം. കുറ്റക്കാർക്ക് പിഴയടച്ച് രക്ഷപെടാന്‍ അവസരമൊരുക്കരുത്. ശിക്ഷാവിധി ഉയര്‍ത്തുന്ന കാര്യം നിയമ കമ്മീഷനും പാര്‍ലമെന്റും പരിശോധിക്കണം. പിസി ജോര്‍ജ്ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തി. ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും കോടതി നിരീക്ഷിച്ചു.
സമാനമായ നാല് കേസുകള്‍ പി.സി. ജോർജിനെതിരെ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സമാനമായ കേസില്‍ നേരത്തെ ജാമ്യം അനുവദിക്കുമ്ബോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവർത്തിക്കരുതെന്ന് കോടതി താക്കീത് നല്‍കിയിരുന്നു. എന്നാല്‍, വീണ്ടും കുറ്റകൃത്യം ആവർത്തിച്ച സാഹചര്യത്തില്‍ ഇനി മുൻകൂർ ജാമ്യം നല്‍കരുതെന്ന് കോടതിയെ സർക്കാർ അറിയിച്ചു.