Home Featured ബെംഗളൂരു: കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് നഗര റോഡുകളിൽ വീണ്ടും അപകടക്കുഴികൾ

ബെംഗളൂരു: കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് നഗര റോഡുകളിൽ വീണ്ടും അപകടക്കുഴികൾ

by admin

ബെംഗളൂരു∙ കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് നഗര റോഡുകളിൽ വീണ്ടും അപകടക്കുഴികൾ രൂപപ്പെട്ടു. 729 കുഴികൾ കണ്ടെത്തിയതിൽ 519 എണ്ണം നികത്താൻ കരാറുകാർക്കു നിർദേശം നൽകിയതായി ബിബിഎംപി അറിയിച്ചു. ശേഷിക്കുന്നവയും ഉടൻ അടയ്ക്കും. ബന്നാർഘട്ടെ റോഡ്, ഔട്ടർ റിങ് റോഡ്, വിൽസൻ ഗാർഡൻ, കമ്മനഹള്ളി, സർജാപുര റോഡ്, വൈറ്റ്ഫീൽഡ്, ഉത്തരഹള്ളി, ജെപി നഗർ എന്നിവിടങ്ങളിൽ ഉൾപ്പെടെ റോഡുകൾ തകർന്ന നിലയിലാണ്. ആഴത്തിലുള്ള കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്കു പരുക്കേറ്റു.

അതിനിടെ ഗതാഗതം സുഗമമാക്കാൻ പല ഇടങ്ങളിലും കുഴി അടയ്ക്കൽ ദൗത്യം ട്രാഫിക് പൊലീസ് ഏറ്റെടുത്തു. ദേവരബീസനഹള്ളി, ഹൊംബേഗൗഡ നഗർ ഉൾപ്പെടെ റോഡുകളിലെ കുഴികൾ‌ ഉദ്യോഗസ്ഥർ അടച്ചു. ആപ്പുകൾ മുഖേന പൊതുജനങ്ങൾ ചൂണ്ടിക്കാട്ടിയ 5828 കുഴികൾ അടച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ആപ്പുകളിലെ പരാതികൾ പ്രകാരമുള്ള കുഴികൾ അടയ്ക്കാതെ പരിഹാരം ഉണ്ടായെന്ന സന്ദേശം നൽകുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു.എന്നാൽ പരാതികൾ ഉദ്യോഗസ്ഥർ പരിശോധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെട്ടു.

അതേസമയം വിൽസൻ ഗാർഡൻ റോഡിലെ കുഴികളെക്കുറിച്ച് ഒന്നിലധികം തവണ ആപ്പിലൂടെ പരാതി നൽകിയിട്ടും ഇതുവരെയും പരിഹാരം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.ഒക്ടോബറിൽ പെയ്ത കനത്ത മഴയിൽ റോഡിൽ രൂപപ്പെട്ട കുഴികളിൽ ഭൂരിഭാഗവും അടച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഇവ പഴയ നിലയിലായി.

ഗുണമേന്മയില്ലാത്ത റോഡ് നവീകരണത്തിന്റെ ഉദാഹരണമാണിതെന്ന് നഗരവാസികൾ ചൂണ്ടിക്കാട്ടുന്നു.അതിനിടെ റോഡ് നിർമാണത്തിനും നവീകരണത്തിനും മാനദണ്ഡങ്ങൾ നിർമിക്കാൻ ഉന്നതതല സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ശാസ്ത്രീയമായ നിർമാണം ഉറപ്പാക്കുന്നതിനുള്ള നടപടി ഫലം കണ്ടാൽ നഗര റോഡുകളുടെ അവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group