Home Featured നിരക്ക് വർധനയ്ക്ക് പിന്നാലെ ബെംഗളൂരു മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്

നിരക്ക് വർധനയ്ക്ക് പിന്നാലെ ബെംഗളൂരു മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്

by admin

നിരക്ക് വർധനയ്ക്ക് പിന്നാലെ ബെംഗളൂരു മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. ഫെബ്രുവരി പത്ത് തിങ്കളാഴ്ച നമ്മ മെട്രോയിൽ എട്ട് ശതമാനം യാത്രക്കാരുടെ കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ദിവസം ബെംഗളൂരു മെട്രോയിലെ യാത്രക്കാരുടെ എണ്ണം ഉയർന്ന തോതിലാണ്. എന്നാൽ നിരക്ക് വർധനയുണ്ടായതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി.

തിങ്കളാഴ്ച ദിവസം സാധാരണയായി 8.6 ലക്ഷത്തിലധികം യാത്രക്കാരാണ് ബെംഗളൂരു മെട്രോയെ ആശ്രയിച്ചിരുന്നത്. നിരക്ക് വർധനയിൽ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും എതിർപ്പ് ശക്തമായി തുടരുകയാണെങ്കിലും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അധികൃതർ. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശകൾ പാലിക്കാൻ കോർപറേഷൻ ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കിയ ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേശ്വര റാവു നിലപാട് മയപ്പെടുത്തി.

നിരക്ക് വർധനവ് കോർപറേഷൻ പുനഃപരിശോധിക്കുമെന്നും എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേശ്വര റാവു ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നഗരത്തിൽ ‘എയ്‌റോ ഇന്ത്യ 2025’ ചടങ്ങ് നടക്കുന്നതിനാലാണ് മെട്രോയിൽ യാത്രക്കാരുടെ കുറവുണ്ടായതെന്ന് ഒരു ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരു മെട്രോയിലെ നിരക്കുവർധന താങ്ങാൻ സാധിക്കുന്നതിനപ്പുറമാണെന്നാണ് യാത്രക്കാരുടെ ആരോപണം.

പുതുക്കിയ മെട്രോ നിരക്കുകളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം അറിയാം. മെട്രോ നിരക്ക് പരിഷ്കരണങ്ങൾ ശുപാർശ ചെയ്യുന്നതിന് ഉത്തരവാദിത്തമുള്ള ഒരു നിയമാനുസൃത സ്ഥാപനമാണ് എഫ്എഫ്സി. വിമർശനങ്ങൾ ക്രിയാത്മകമായി പരിഗണിക്കുന്നു. ചില നിരക്ക് സ്ലാബുകളിൽ ഗണ്യമായ വർധനവ് ഉണ്ടായതിനാൽ അവ അവലോകനം ചെയ്യുകയും അപാകതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുകയും ചെയ്യുമെന്ന് റാവു പറഞ്ഞു.

ബെംഗളൂരു മെട്രോ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും നിരക്കുവർധന യാത്രക്കാരെ ഇരുചക്രാവഹനങ്ങളെ ആശ്രയിക്കുന്നതിലേക്ക് തള്ളിവിടുമെന്ന വാദം ശക്തമാണ്. 2023 – 2024 സാമ്പത്തിക വർഷം 29.3 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടായെന്നാണ് റിപ്പോർട്ട്. 2022 – 2023ൽ ബിഎംആർസിഎൽ 108 കോടി രൂപയുടെ പ്രവർത്തന മിച്ചം രേഖപ്പെടുത്തി. 594.01 കോടി രൂപയുടെ വരുമാനവും 486.61 കോടി രൂപയുടെ ചെലവും ഇതിൽ ഉൾപ്പെടുന്നുണ്ട്. പുതിയ നിരക്ക് സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്ന് ബിജെപി നേതാവും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group