ബെംഗളൂരു∙ ടിക്കറ്റെടുക്കാൻ യുപിഐ പേയ്മെന്റ് അനുവദിക്കുമെന്ന ബിഎംടിസി പ്രഖ്യാപനം നടപ്പിലാകുന്നില്ലെന്ന് പരാതി. മിക്ക കണ്ടക്ടർമാരും ഇതിനു മടിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 6500 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്. ഇതിൽ 3000 ബസുകളിൽ യുപിഐ പേയ്മെന്റ് നടപ്പിലാക്കിയെന്നാണ് ബിഎംടിസി പ്രഖ്യാപിച്ചത്.എന്നാൽ തിരക്കേറിയ സമയങ്ങളിൽ കൃത്യമായ പേയ്മെന്റ് നടത്തിയോയെന്നു പരിശോധിക്കുക സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ ഇതിനെ എതിർക്കുന്നത്.
അതിനാൽ ഓർഡിനറി ബസുകളിൽ ഇതു നടപ്പിലാക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുപിഎ പേയ്മെന്റ് വ്യാപകമാക്കിയാൽ ഭൂരിഭാഗം യാത്രക്കാരും ഇതിലേക്കു മാറുമെന്നും ചില്ലറ പ്രശ്നം പരിഹരിക്കാമെന്നും മറുവാദവും ഉയരുന്നു.
തർക്കം പരിഹരിക്കാൻ നടപടിയെടുക്കണം:ചില്ലറ നൽകുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കം പതിവായതോടെയാണ് യുപിഐ പേയ്മെന്റ് അനുവദിക്കാൻ ബിഎംടിസി തീരുമാനിച്ചത്. എന്നാൽ ഇതു നടപ്പിലാക്കാത്തതോടെ പ്രശ്നം രൂക്ഷമായി. ചില്ലറ നൽകാത്ത യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് ഉൾപ്പെടെ പതിവായി. നഗരത്തിലെ പെട്ടിക്കടകൾ പോലും ഓൺലൈൻ പേയ്മെന്റിലേക്ക് തിരിയുമ്പോൾ ബിഎംടിസി മാത്രം പുറംതിരിഞ്ഞ് നിൽക്കുന്നത് ശരിയല്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.