ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം.സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്.24 കാരനായ മകൻ സുനില്‍ കുമാർ സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിന് പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ബന്ധം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കള്‍ ഏറെ നിർബന്ധിച്ചെങ്കിലും സുനില്‍ അതിന് വഴങ്ങിയില്ല.
കൗണ്‍സിലിങ്ങിനുള്‍പ്പെടെ മകനെ ഇരുവരും കൊണ്ടുപോയെങ്കിലും തീരുമാനം മാറ്റാൻ സുനില്‍ കുമാർ തയ്യാറായില്ല. താൻ സ്മിതയെ മാത്രമേ വിവാഹം കഴിക്കൂവെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സുനില്‍. ഇതോടെയാണ് മാതാപിതാക്കള്‍ ജീവനൊടുക്കിയത്. ഈ വിഷയത്തില്‍ സുനില്‍ കുമാർ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് (25) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇൻസ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സാണ് സിമ്രാനുളളത്. ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സിമ്രാൻ കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജമ്മു കി ധഡ്കൻ (ജമ്മുവിൻ്റെ ഹൃദയമിടിപ്പ് എന്നാണ് സിമ്രാൻ ജമ്മു കശ്മീർ അറിയപ്പെട്ടിരുന്നത്. ഡിസംബർ 13 നാണ് സിമ്രാൻ ഇൻസ്റ്റഗ്രാമില്‍ അവസാനമായി പോസ്റ്റിട്ടത്.
സിമ്രാൻ റൂമിന്‍റെ വാതില്‍ തുറക്കാത്തതിനെ തുടർന്നാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് പൊലീസില്‍ വിവരം അറിയിക്കുന്നത്. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നും ദുരൂഹതകളില്ലെന്നും പൊലീസ് പറഞ്ഞു.