പാലക്കാട് ∙ ജില്ലയിൽ നിന്നുള്ള ബെംഗളൂരു, ചെന്നൈ, മൈസൂരു കെഎസ്ആർടിസി ബസ് സർവീസുകൾ ജനുവരിയിൽ ആരംഭിക്കും. ബെംഗളൂരു സർവീസ് അടുത്തമാസം ആദ്യം ആരംഭിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറിയിച്ചു. ആഴ്ചാവസാനം ഉള്ള സർവീസ് ആയിട്ടായിരിക്കും തുടക്കം. ഇതു വിജയിച്ചാൽ ദിനംപ്രതിയുള്ള സർവീസും പരിഗണിക്കും. പാലക്കാട്ടു നിന്നുള്ള ചെന്നൈ ബസ് സർവീസും ഇതോടൊപ്പം ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. പാലക്കാടിന്റെ ദീർഘകാല ആവശ്യമാണ് ചെന്നൈ, ബെംഗളൂരു കെഎസ്ആർടിസി സർവീസുകൾ.
വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്നു പാലക്കാട്ടേക്കും ഞായറാഴ്ച പാലക്കാട്ടു നിന്നു ബെംഗളൂരുവിലേക്കും യാത്രക്കാർ ഏറെയുണ്ട്. ഇവരിൽ ഭൂരിഭാഗവും ഇപ്പോൾ സ്വകാര്യ ബസ് സർവീസുകളെയാണ് ആശ്രയിക്കുന്നത്. ചെന്നൈയിലേക്കും സമാന ദിവസങ്ങളിൽ ഒട്ടേറെ യാത്രക്കാരുണ്ട്.പുറമേ ഇതര പൊതു അവധി ദിവസങ്ങളിലും വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷാവസരങ്ങളിലും ഈ റൂട്ടുകളിൽ മലയാളി യാത്രക്കാർ ഏറെയാണ്. ഇവരുടെ നിരന്തര ആവശ്യമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മന്ത്രിക്കു മുന്നിൽ ഉന്നയിച്ചത്.
അദ്ദേഹം അക്കാര്യം അംഗീകരിച്ചതോടെ പാലക്കാട്ടെ യാത്രക്കാർ പ്രതീക്ഷയിലാണ്. ആഘോഷാവസരങ്ങളിലെല്ലാം സ്വകാര്യ യാത്രാ സർവീസുകൾ പറയുന്ന തുക വേണം യാത്ര ചെയ്യാൻ. കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നതോടെ ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാനാകും.ശബരിമല തീർഥാടനക്കാലം അവസാനിക്കുന്നതോടെ കെഎസ്ആർടിസി ബസുകൾ തിരിച്ചെത്തും. അപ്പോൾ മുതൽ സർവീസ് ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. മൈസൂരു സർവീസിനു പ്രത്യേക ബസ് പാലക്കാട്ടെത്തും.പാലക്കാട്ടു നിന്നു പഴനിയിലേക്കുള്ള ബസ് സർവീസ് പതിറ്റാണ്ടുകളായി തുടരുന്നതാണ്. കിലോമീറ്ററിൽ 35 രൂപയിൽ താഴെ മാത്രമേ വരുമാനം ലഭിക്കുന്നുള്ളൂ എന്നതുകൊണ്ടാണ് സർവീസ് നിർത്താൻ കെഎസ്ആർടിസി നിർദേശിച്ചത്. ഇതും മന്ത്രിയും എംഎൽഎയും തിരുത്തി.
പകരം സമയംമാറ്റി സർവീസ് തുടർന്നു ലാഭകരമാക്കാനാണു നിർദേശം. ഈ റൂട്ടിലെ ഓർഡിനറി സർവീസ് ഫാസ്റ്റാക്കി മാറ്റി റിസർവേഷൻ സൗകര്യം കൂടി ഏർപ്പെടുത്തിയാൽ പഴനി തീർഥാടകർക്കും സൗകര്യമാകും. പാലക്കാട്ടു നിന്ന് ഒട്ടേറെപ്പേർ പഴനിയിലേക്ക് തീർഥാടകരായുണ്ട്. ചെന്നൈ, ബെംഗളൂരു സർവീസുകൾ ആരംഭിച്ചാൽ സ്വകാര്യ ബസ് നിർത്തുന്നിടത്തു നിന്നെല്ലാം യാത്രക്കാരെ കയറ്റാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.