വാഷിംഗ്ടണ്‍ : ഇമ്രാന്‍ ഖാന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് അമേരിക്കയുടെ മിന്നല്‍ പ്രഹരം. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിന് നാഷണല്‍ ബാങ്ക് ഒഫ് പാകിസ്ഥാന് (എന്‍ബിപി) യുഎസ് 55 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി.
നടുവൊടിഞ്ഞ പാക് സമ്ബദ്‌വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബാങ്ക് ഒഫ് പാകിസ്ഥാന് യുഎസ് 55 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ചുമത്തിയത്. പാക് സെന്‍ട്രല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്റെ അനുബന്ധ സ്ഥാപനമാണ് എന്‍ബിപി.
ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമ്ബത്തിക നിയന്ത്രണ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അമേരിക്ക ആരോപിക്കുന്നു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും അധികൃതര്‍ അവഗണിച്ചു. നാഷണല്‍ ബാങ്ക് ഓഫ് പാകിസ്ഥാന് പിഴ ചുമത്തിയ അമേരിക്കയുടെ നടപടി പാകിസ്ഥാന് എഫ്‌എടിഎഫിന്റെ (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്) അടുത്ത യോഗത്തില്‍ തിരിച്ചടിയായേക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിനാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ എഫ്‌എടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണുള്ളത്. ഇത് ബ്ലാക്ക് ലിസ്റ്റിലാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് എന്‍ ബി പിക്കെതിരെയുള്ള നടപടി. 2018 ജൂണ്‍ മുതല്‍ പാകിസ്ഥാന്‍ എഫ്‌എടിഎഫിന്റെ ഗ്രേ ലിസ്റ്റിലുണ്ട്. ഇത് പാകിസ്ഥാന്റെ സമ്ബദ്‌വ്യവസ്ഥയെയും ആഗോള തലത്തില്‍ പ്രതിച്ഛായയേയും പ്രതികൂലമാക്കിയിട്ടുണ്ട്.