ദില്ലി: പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 91 പേര്‍ പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഇതില്‍ നാലുപേര്‍ മലയാളികളാണ്.കേരളത്തിൽ നിന്ന് ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ, നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്‍, കളരിയാശാന്‍ എസ് ആര്‍ ഡി പ്രസാദ്, ചരിത്രകാരന്‍ സി ഐ എഐസക് എന്നിവര്‍ പദ്മശ്രീ പുരസ്കാരത്തിന് അർഹനായി. 9 പേരാണ് പദ്മവിഭൂഷണ് അര്‍ഹരായത്.
20ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ വൈദ്യശാസ്ത്ര കണ്ടുപിടിത്തങ്ങളിൽ ഒന്നായ ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസിനാണ് പദ്മവിഭൂഷൺ. 5 കോടിയോളം പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ച ഒആർഎസ് ലായനിയുടെ കണ്ടുപിടിത്തം തന്നെയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 87 കാരനായ ഇദ്ദേഹം പശ്ചിമ ബംഗാൾ സ്വദേശിയാണ്. കോളറ അടക്കം രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ വലിയ മുന്നേറ്റമാണ് ഈ കണ്ടുപിടിത്തത്തിലൂടെ സാധ്യമായത്.
ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ഡോ രതൻ ചന്ദ്ര കൗർ, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശിൽ നിന്നുള്ള ഡോ മുനീശ്വർ ചന്ദെർ ദവർ, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്‌വാങ്ബെ നെവ്മെ, ആന്ധ്ര സ്വദേശി സാമൂഹ്യപ്രവർത്തകൻ ശങ്കുരാത്രി ചന്ദ്രശേഖർ, തമിഴ്നാട്ടുകാരായ പാമ്പ് പിടുത്തക്കാർ വടിവേൽ ഗോപാലും മാസി സദയാനും, സിക്കിമിൽ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചൽ സ്വദേശി ജൈവകൃഷിക്കാരൻ നെക്രാം ശർമ്മ, ഝാർഖണ്ഡിൽ നിന്നുള്ള എഴുത്തുകാരൻ ജനും സിങ് സോയ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയിൽ നിന്നുള്ള ഭാഷാ വിദഗ്ദ്ധൻ ബി രാമകൃഷ്ണ റെഡ്ഡി, ഛത്തീസ്ഗഡിലെ അജയ് കുമാർ മണ്ടവി, കർണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ,മിസോറാം ഗായിക കെസി രുൺരെംസാംഗി, മേഘാലയയിലെ നാടൻ വാദ്യ കലാകാരൻ റിസിങ്ബോർ കുർകലാങ്, പശ്ചിമ ബംഗാളിലെ മംഗല കാന്തി റോയ്, നാഗാലാന്റിലെ മോവ സുബോങ്, കർണാടക സ്വദേശി മുനിവെങ്കടപ്പ, ഛത്തീസ്‌ഗഡ് സ്വദേശി ദൊമർ സിങ് കുൻവർ തുടങ്ങിയവരും പദ്മശ്രീ പുരസ്കാരത്തിന് അർഹരായി.
മോർബി തൂക്കുബാല ദുരന്തം ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി
അഹമ്മദാബാദ്: ഗുജറാത്തിലെ മോർബി തൂക്കുപാല ദുരന്തത്തിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാമെന്ന ഒറെവ ഗ്രൂപ്പിന്റെ വാദം ഗുജറാത്ത് ഹൈക്കോടതി അംഗീകരിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകുന്നതുകൊണ്ടുമാത്രം സംഭവത്തിന്റെ ബാധ്യതകളിൽ നിന്ന് ഒഴിവാകാനാകില്ലെന്നും കോടതി വ്യക്തമാക്കി. അപകടത്തിൽ 135 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒവേറ ഗ്രൂപ്പിനായിരുന്നു പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും മേൽനോട്ടത്തിന്റെയും ചുമതല. കമ്പനിക്ക് ഈ മേഖലയിൽ പ്രാവീണ്യമില്ലെന്നും ക്ലോക്ക് നിർമിക്കുന്ന കമ്പനിയാണെന്നും അന്നേ ആരോപണമുയർന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 30നാണ് മച്ചു നദിയിൽ പാലം തകർന്നുവീണത്.
ദുരന്തത്തെക്കുറിച്ചുള്ള ഹർജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് അശുതോഷ് ശാസ്ത്രിയുടെയും ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് കമ്പനിയുടെ അഭിഭാഷകൻ നിരുപം നാനാവതി നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞത്. കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഷ്ടപരിഹാരം നൽകുന്നതെന്നും അഭിഭാഷകൻ അറിയിച്ചു. മരിച്ച 135 പേരുടെ കുടുംബങ്ങൾക്ക് പരിക്കേറ്റ 56 പേർക്കും, ഏഴ് അനാഥരായ കുട്ടികൾക്കും നഷ്ടപരിഹാരം നൽകാമെന്നാണ് കമ്പനി അറിയിച്ചത്. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. അതേസമയം, നഷ്ടപരിഹാരം നൽകുന്നതിലൂടെ നിയമപരമായ യാതൊരുവിധ ബാധ്യതകളിൽ നിന്നും ഒഴിവാകുകയില്ലെന്നും കോടതി അടിവരയിട്ട് പറഞ്ഞു.