ബെംഗളൂരു: പ്രവർത്തന ചെലവും മദ്യവിലയും ഉയരുകയും ഉപയോക്താക്കളുടെ എണ്ണം കുറയുകയും ചെയ്തതോടെ ബെംഗളൂരുവിലെ പബ്ബുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരത്തിൽ കുറഞ്ഞത് 40 പബ്ബുകൾ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ട്. പ്രവർത്തന ചെലവ് 20 ശതമാനം വർധിച്ചതും ഉപയോക്താക്കളുടെ എണ്ണം 25 ശതമാനം കുറയുകയും സംസ്ഥാന സർക്കാർ മദ്യവില വർധിപ്പിച്ചതുമാണ് ഐടി നഗരത്തിലെ പബ്ബുകൾക്ക് തിരിച്ചടിയായത്.
ബെംഗളൂരു നഗരത്തിൽ ഏകദേശം 2,000 പബ്ബുകളും ബ്രൂവറികളുമുണ്ടെന്നാണ് നാഷണൽ റെസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പബ്ബുകൾക്ക് പേരുകേട്ട കോറമംഗലയിൽ മാത്രം കഴിഞ്ഞ വർഷം ആറ് പബ്ബുകൾ അടച്ചുപൂട്ടി. നിലവിൽ പ്രവർത്തിക്കുന്ന പല പബ്ബുകളും അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്നും റെസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി അനന്ത നാരായണൻ പറഞ്ഞു.
പബ്ബിലേക്കില്ല, പാർട്ടികൾ വീട്ടിൽ തന്നെ :പബ്ബിൽ പാർട്ടി നടത്തുന്നതിന് പകരം ഇപ്പോഴത്തെ ട്രെൻഡായ ഹൗസ് പാർട്ടികളാണ് പബ്ബിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുവരുത്തിയതെന്നാണ് ചില പബ്ബുടമകളുടെ പക്ഷം. ഇതിന് പുറമേ, കോർപറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ പബ്ബുകളിൽ ചെലവഴിക്കുന്ന തുക കുറച്ചതും ഉടമകൾക്ക് തിരിച്ചടിയായി. തൊഴിൽ സുരക്ഷയില്ലാത്തതും കൂട്ടപ്പിരിച്ചുവിടൽ ഭയന്നുമാണ് ചെലവഴിക്കുന്ന തുകയിൽ കോർപറേറ്റ് ജീവനക്കാർ ശ്രദ്ധ നൽകുന്നത്.
ലൈസൻസ് വൻ കടമ്പ : അതേസമയം പബ്ബിനുള്ള സർക്കാർ ലൈസൻസ് നേടുന്നത് വൻ കടമ്പയാണെന്ന് മറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. പബ്ബ് പ്രവർത്തനത്തിന് കുറഞ്ഞത് ഒൻപത് ലൈസൻസുകളെങ്കിലും നേടേണ്ട സാഹചര്യമുണ്ടെന്ന് അവർ പറയുന്നു. ലൈസൻസ് നടപടിക്രമങ്ങൾ സുഗമമാക്കാൻ സർക്കാരിൻ്റെ ഇടപെടൽ ആവശ്യമാണെന്ന് അവർ വ്യക്തമാക്കി. കൂടാതെ, അടുത്തിടെ സർക്കാർ നടപ്പിലാക്കിയ ബിയർ വില വർധന പബ്ബുകളുടെ പ്രവർത്തന ചെലവ് ഉയരാൻ കാരണമായെന്നും ഉടമകൾ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ സഹായം അനിവാര്യമാണെന്നാണ് ഉടമകളുടെ പക്ഷം.
കൊവിഡിനെ തുടർന്ന് താളംതെറ്റിയ കച്ചവടം തിരിച്ചുപിടിച്ചു വരുന്നതിനിടെയാണ് പബ്ബുടമകൾക്ക് പുതിയ പ്രതിസന്ധി തിരിച്ചടിയാകുന്നത്. മദ്യവില വർധന, വാടക എന്നിവയിൽ 15 മുതൽ 20 ശതമാനം വരെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ, ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതും ഇരട്ടിപ്രഹരമായി. ഉപയോക്താക്കളുടെ എണ്ണത്തിൽ സ്ഥിരത നിലനിർത്താൻ സാധിച്ചില്ലെങ്കിൽ പബ്ബിൻ്റെ പ്രവർത്തനം താളംതെറ്റും. നിലവിൽ 25 ശതമാനത്തോളം വരെ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി നാഷണൽ റെസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു ചാപ്റ്റർ പ്രസിഡൻ്റ് ചേതൻ ഹെഗ്ഡെ വ്യക്തമാക്കി.