ബെംഗളൂരു∙ ഔട്ടർറിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബിഎംടിസി എക്സ്പ്രസ് ബസുകളെ ആശ്രയിക്കണമെന്ന പ്രചാരണവുമായി ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷൻ. മെട്രോ നിർമാണത്തിന്റെ ഭാഗമായി അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ടെക്പാർക്കുകളിലെ ജീവനക്കാരെ പൊതുഗതാഗത മാർഗങ്ങളിലേക്ക് ആകർഷിക്കാൻ അസോസിയേഷൻ നേരിട്ട് ഇറങ്ങിയത്. റിങ് റോഡിലെ കുരുക്കഴിക്കാൻ 100 ദിന കർമ പദ്ധതി നടപ്പാക്കുമെന്ന് 2 വർഷം മുൻപ് ബിബിഎംപി പ്രഖ്യാപിച്ചിരുന്നെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.
ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത 6.4 ലക്ഷം ജീവനക്കാർ ഓഫിസിലെത്താൻ 3.3 ലക്ഷം വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 70% കാറുകളും ബാക്കി ഇരുചക്രവാഹനങ്ങളുമാണ്.
ഹെബ്ബാൾ–സിൽക്ക് ബോർഡ് എക്സ്പ്രസ് ബസ് സർവീസ് ഹെബ്ബാൾ–സിൽക്ക് ബോർഡ് റൂട്ടിൽ 20 മിനിറ്റ് ഇടവേളയിൽ ബിഎംടിസി എക്സ്പ്രസ് എസി ബസ് സർവീസുകൾ ആരംഭിച്ചു. റൂട്ട് നമ്പർ എഎക്സ് 500 ഡി ബസുകൾക്ക് മാന്യത ടെക്പാർക്ക്, ടിൻ ഫാക്ടറി, കെആർ പുരം റെയിൽവേ സ്റ്റേഷൻ, ഇഎംസി, മാറത്തഹള്ളി, കാടുബീസനഹള്ളി, ഇക്കോ സ്പെയ്സ്, സർജാപുര റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ 70 രൂപയാണ് ടിക്കറ്റ് ചാർജ്. എല്ലായിടത്തും സ്റ്റോപ് ഇല്ലാത്തതിനാൽ യാത്രാസമയത്തിൽ അരമണിക്കൂർ വരെ ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസമാണ് ബിഎംടിസി പരീക്ഷണാടിസ്ഥാനത്തിൽ വിവിധ റൂട്ടുകളിൽ എക്സ്പ്രസ് ബസ് സർവീസുകൾ ആരംഭിച്ചത്. ഇത് വിജയകരമായതോടെ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിച്ചു.